ബേപ്പൂർ ഫിഷിങ് ഹാർബറിൽ ഫിംഗർ ജെട്ടി




കോഴിക്കോട്:ബേപ്പൂർ മീൻപിടിത്ത ഹാർബറിൽ കൂടുതൽ ബോട്ടുകൾ നിർത്തിയിടാൻ സൗകര്യമൊരുക്കി നിർമിക്കാൻ ലക്ഷ്യമിടുന്ന ഫിംഗർ ജെട്ടിയുടെ പ്രാഥമിക രൂപരേഖയായി. ഹാർബറിൽനിന്നു 100 മീറ്റർ ദൂരം പുഴയിലേക്കു തള്ളി ഇരുവശത്തും ബോട്ടുകൾ നിർത്താനുള്ള സൗകര്യത്തോടെയാണ് പുതിയ ജെട്ടിയുടെ രൂപരേഖ. 

ചെറുവാഹനങ്ങൾക്കു കടന്നു പോകത്തക്ക രീതിയിൽ എട്ടു മീറ്റർ വീതിയിലാണ് കോൺക്രീറ്റ് ജെട്ടിക്കു പദ്ധതിയിടുന്നത്. മത്സ്യത്തൊഴിലാളികളുടെ അഭിപ്രായം തേടിയ ശേഷം ആവശ്യമായ മാറ്റങ്ങൾ വരുത്തിയാകും അന്തിമ രൂപരേഖ തയാറാക്കുകയെന്നു ഹാർബർ എൻജിനീയറിങ് വകുപ്പ് അധികൃതർ പറഞ്ഞു.

അഞ്ഞൂറോളം ബോട്ടുകൾ മീൻപിടിത്തത്തിനു പോകുന്ന ബേപ്പൂരിൽ രണ്ടു വാർഫുകളായി 350 മീറ്റർ നീളത്തിലാണ് ജെട്ടിയുള്ളത്. ഇവിടെ ഒരേസമയം അൻപതോളം ബോട്ടുകൾ മാത്രമേ നിർത്താനാകൂ. മീൻപിടിച്ചെത്തുന്ന ബോട്ടുകൾ വാർഫിലെ അസൗകര്യം കാരണം നദിയിൽ നങ്കൂരമിടുകയാണിപ്പോൾ. 

ജെട്ടിയടുപ്പിക്കുന്ന ബോട്ടുകളിൽനിന്നു മീൻ ഇറക്കിയ ശേഷം മാത്രമേ മറ്റുള്ളവ അടുപ്പിക്കാനാകൂവെന്ന സ്ഥിതിയാണ്. ഇതു കയറ്റുമതിയെയും വിപണനത്തെയും ബാധിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് പുതിയ രൂപകൽപനയിൽ ജെട്ടി നിർമിക്കാൻ അധികൃതർ പദ്ധതിയിടുന്നത്. 

ഹാർബറിലെ മുഴുവൻ ബോട്ടുകൾക്കും ലാൻഡിങ് സൗകര്യം ഒരുക്കണമെങ്കിൽ കുറഞ്ഞതു രണ്ടര കിലോമീറ്റർ നീളത്തിൽ ജെട്ടി വേണം. ഇതിനു സ്ഥല സൗകര്യമില്ലാത്തതുകൊണ്ടാണ് ഫിംഗർ ജെട്ടിക്കുള്ള നിർദേശം പരിഗണിച്ചത്.

ഹാർബറിലെ സൗകര്യവും ഒഴുക്കിന്റെ ഗതിയും പരിശോധിച്ചു മൂന്നോ നാലോ ഫിംഗർ ജെട്ടിയെങ്കിലും പണിയാനാണ് ഉദ്ദേശ്യമുള്ളത്. വാർഫിലെ അസൗകര്യം കാരണം ജെട്ടിയിൽ നിർത്തുന്ന ബോട്ടുകളോടു ചേർത്തു നിർത്തിയാണ് മറ്റു ബോട്ടുകാർ മീൻ ഇറക്കുന്നത്.

രണ്ടും മൂന്നും ബോട്ടുകൾ ചാടിക്കടന്നു മത്സ്യം വാർഫിൽ എത്തിക്കുന്നതു തൊഴിലാളികൾക്കു പ്രയാസമാണ്. കടലിൽ പോകാൻ ഒരുങ്ങുന്ന ബോട്ടുകളിൽ ഐസ്, വെള്ളം, ഡീസൽ എന്നിവ നിറയ്ക്കുന്നതിനും പ്രശ്നമുണ്ട്. ഫിംഗർ ജെട്ടി നിർമിക്കുന്നതോടെ ബേപ്പൂർ മത്സ്യബന്ധന തുറമുഖത്ത് ബോട്ടുകൾ നിർത്തിയിടുന്നതിനുള്ള പ്രയാസം പരിധിവരെ പരിഹരിക്കാനാകുമെന്നാണ് വിലയിരുത്തൽ.