നവീകരിച്ച മിഠായിത്തെരുവ് വൃത്തിയായി സൂക്ഷിക്കാൻ നമുക്കാവില്ലെ

കലക്ടർ യു.വി. ജോസിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ നടന്ന ശുചീകരണം


കോഴിക്കോട്: കോടികൾ മുടക്കി നവീകരിച്ചെങ്കിലും മിഠായിത്തെരുവ് വൃത്തിയായി സൂക്ഷിക്കാനാകാത്തത് നഗരത്തിനു കളങ്കമാകുന്നു. ചവറ്റുകുട്ടകൾ ഉണ്ടെങ്കിലും ചപ്പുചവറുകൾ തെരുവിൽ അലക്ഷ്യമായിടുന്നത് തുടരുകയാണ്. കോബിൾ സ്റ്റോൺ പതിച്ച പാതയിൽ തുപ്പുന്നതും അറപ്പുളവാക്കുന്ന കാഴ്ചയാകുന്നു. സൺഡേ മാർക്കറ്റിനുശേഷം ചപ്പുചവറുകൾ നിറഞ്ഞ തെരുവ് വൃത്തിയാക്കാൻ കലക്ടർ യു.വി. ജോസ് നേരിട്ടിറങ്ങി. 

ഇന്നലെ പുലർച്ചെ ആറുമണിയോടെയാണ് കലക്ടറും സംഘവും ചപ്പുചവറുകൾ ശേഖരിക്കാനെത്തിയത്. വേങ്ങേരി നിറവിലെ 20 അംഗങ്ങളും പിആർടിസി വൊളന്റിയർമാരും ഒപ്പമുണ്ടായിരുന്നു. എസ്കെ സ്‌ക്വയറിലെയും 400 മീറ്റർ റോഡിലെയും മാലിന്യമാണ് ഒരുമണിക്കൂറിനുള്ളിൽ എടുത്തുമാറ്റിയത്. ശേഖരിച്ച മാലിന്യം കോർപറേഷന്റെ നേതൃത്വത്തിൽ നീക്കി. കോർപറേഷൻ ഹെൽത്ത് ഓഫിസർ ഡോ. ആർ.എസ്. ഗോപകുമാർ, നിറവ് പ്രോജക്ട് കോഓർഡിനേറ്റർ ബാബു പറമ്പത്ത് എന്നിവർ നേതൃത്വം നൽകി.