തിരിച്ചുവരാൻ ഒരുങ്ങി ഗോകുലം കേരള എഫ്സി


കോഴിക്കോട്:ഐ ലീഗിൽ ഗോകുലം കേരള എഫ്സിയുടെ നാലാം ഹോംമാച്ചിന് കോർപറേഷൻ സ്റ്റേഡിയം ഇന്നു സാക്ഷ്യം വഹിക്കും. മൽസരം വൈകിട്ട് 5.30നാണ്. ടിക്കറ്റുകൾ സ്റ്റേഡിയത്തിനു സമീപമുള്ള കെഡിഎഫ്എ ഓഫിസിൽനിന്ന് രാവിലെ 10 മുതൽ ലഭിക്കും. ഒരു ടിക്കറ്റിന് 50 രൂപയാണ്.   സ്വന്തം തട്ടകത്തിൽ ഇതുവരെ കാര്യമായ നേട്ടങ്ങളുണ്ടാക്കാൻ കഴിയാതെ പോയെങ്കിലും ചാംപ്യൻഷിപ്പിൽ തിരിച്ചുവരുവു നടത്തുമെന്ന ഉറപ്പാണ് ആരാധകർക്ക് ഗോകുലം നൽകുന്നത്.

വിദേശതാരങ്ങളുടെ പരുക്ക് ടീമിനു തിരിച്ചടിയായിരുന്നു. ഇതിനു പരിഹാരമായി ബ്രസീൽ, ഈജിപ്ത്, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്നായി മൂന്നുപേരെ ഉൾപ്പെടുത്തുമെന്ന് കോച്ച് ബിനോ ജോർജ് പറഞ്ഞു. ഇവർക്കായി ഇൻവിറ്റേഷൻ നൽകിക്കഴിഞ്ഞു.  നൈജീരിയൻ താരം ഒഡാഫയെയും ടീമിൽ കളിപ്പിക്കാനാണു തീരുമാനം. പഞ്ചാബിൽ നിന്നുള്ള ബൽവീന്ദർ സിങ്ങും ഇന്നു കളിച്ചേക്കും. ഗോകുലത്തിനു മുൻപിലുള്ള സാധ്യതകൾ വലുതാണ്.

സമയമെടുത്താണെങ്കിലും മികച്ച നേട്ടമുണ്ടാക്കാനാകുമെന്നും കോച്ച് പറഞ്ഞു.  താരങ്ങളുടെ പരിചയക്കുറവ് ഗോകുലത്തിന്റെ കളിയിൽ പ്രശ്നമാകുന്നുണ്ടെന്ന് ഘാനയിൽനിന്നുള്ള ഡിഫൻഡർ ഡാനിയേൽ അഡോയും അഭിപ്രായപ്പെട്ടു. യുവ താരനിരയുമായാണ് മിനർവയെത്തുന്നത്. നിലവിൽ ആറു മൽസരങ്ങളിൽ നിന്നായി 13 പോയിന്റ് നേടിയ മിനർവ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ഐസ്വാൾ എഫ്സിയോടു മാത്രമാണ് ടീം പരാജയപ്പെട്ടിട്ടുള്ളത്.


മിനർവ കോച്ച് വാങ്ഖേം ഖോഗൻ സിങ്ങിന്  കോഴിക്കോട്ടെ മൽസരം ഒരു ഓർമപുതുക്കൽ കൂടിയാണ്. 1994ൽ സിസേഴ്സ് കപ്പിൽ സാൽഗോക്കറിനു വേണ്ടി ടൈറ്റാനിയത്തിനെതിരെ കോർപറേഷൻ സ്റ്റേഡിയത്തിൽ ഖോഗൻ കളിച്ചിട്ടുണ്ട്. മിഡ്ഫീൽഡറായിരുന്നു. ആ മൽസരം മഴയെത്തുടർന്ന് സമനിലയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും ഖോഗൻ പറഞ്ഞു. മണിപ്പൂർ സ്വദേശിയാണ് ഖോഗൻ.