മൂരാട് പാലത്തിന് ഇരു ഭാഗത്തും വീതി കൂട്ടണമെന്ന് നിര്‍ദേശം
കോഴിക്കോട്: മൂരാട് പാലത്തിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ പാലത്തിനോട് ചേർന്ന ഇരു ഭാഗത്തും ഒരു മീറ്റർ വീതം വീതി കൂട്ടണമെന്ന് ട്രാഫിക് പൊലീസ് താലൂക്ക് വികസന സമിതിയിൽ നിർദേശം . വടകര ദേശീയ പാതയിലും പാലത്തിലും പതിവാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന ജില്ലാ പഞ്ചായത്ത് അംഗം എ. ടി. ശ്രീധരന്റെ പരാതിക്കുള്ള മറുപടിയിലാണ് പൊലീസ് ഈ നിർദേശം ഉന്നയിച്ചത്. മണിക്കൂറിൽ മൂവായിരം വാഹനങ്ങളെങ്കിലും കടന്നു പോകുന്ന പാലത്തിന്റെ പുനരുദ്ധാരണത്തിന് അൻപത് കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ടെങ്കിലും പണി തുടങ്ങിയിട്ടില്ല.

ഈ സാഹചര്യത്തിൽ വീതി കൂട്ടി തൽക്കാലം പ്രശ്ന പരിഹാരമുണ്ടാക്കണമെന്ന് ദേശീയ പാത അതോറിറ്റിയോട് യോഗം ആവശ്യപ്പെട്ടു. മാഹി ബൈപാസിലെ അഴിയൂർ ഭാഗത്ത് റോഡ് വികസനത്തിന് ഭൂമി നഷ്ടപ്പെടുന്നവർക്ക് വിപണി വിലയും പുനരധിവാസവും ഉറപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കുന്ന റവന്യു, ലാൻഡ് അക്വിസിഷൻ തഹസിൽദാർ ഓഫിസ് അധികൃതർക്കു നേരെ യോഗത്തിൽ പരാതി ഉയർന്നു.