പേരാമ്പ്ര ഇനി മാലിന്യരഹിതം പഞ്ചായത്ത്


കോഴിക്കോട്: 'എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം' എന്ന സന്ദേശമുയര്‍ത്തി പേരാമ്പ്രയെ മാലിന്യരഹിത പഞ്ചായത്തായി പ്രഖ്യാപിച്ചു. നഗരത്തില്‍ നടന്ന വിളംബര റാലിക്കുശേഷം കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് സീറോ വെയിസ്റ്റ് പേരാമ്പ്രയുടെ പ്രഖ്യാപനം നിര്‍വഹിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ.ടി. മനോജ് കുമാര്‍ പ്രവര്‍ത്തനപരിപാടി വിശദീകരിച്ചു. ജൈവമാലിന്യങ്ങള്‍ വീട്ടില്‍തന്നെ സംസ്‌കരിക്കാനും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് പുനചംക്രമണത്തിനു കൈമാറാനുമാണ് പരിപാടി. പൊതുപരിപാടികളിലെല്ലാം ഹരിതമാര്‍ഗരേഖ കര്‍ശനമാക്കും. രണ്ടാംഘട്ടമായി ബയോഗ്യാസ് പ്ലാന്റടക്കമുള്ള മാലിന്യസംസ്‌കരണ സംവിധാനവും നഗരത്തില്‍ സ്ഥാപിക്കും. മാലിന്യശേഖരണത്തിനായി ഹരിതകര്‍മസേനയെ എല്ലാ വാര്‍ഡുകളിലേക്കും നിയോഗിച്ചിട്ടുണ്ട്. ജനകീയ സഹകരണത്തോടെ നഗരത്തില്‍ സി.സി.ടി.വി. സ്ഥാപിക്കുന്നതോടെ മാലിന്യം തള്ളുന്നവരെ കണ്ടെത്താനുമാകുമെന്നാണ് പഞ്ചായത്തിന്റെ പ്രതീക്ഷ. പഞ്ചായത്ത് പ്രസിഡന്റ് കെ.എം. റീന അധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ.പി. ഗംഗാധരന്‍ നമ്പ്യാര്‍, ഡി.പി.ഒ. മുരളീധരന്‍, പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍മാരായ വി.കെ. പ്രമോദ്, പി.എം. ലതിക, ബ്ലോക്ക് പഞ്ചായത്തംഗം വി.കെ. സുനീഷ്, പഞ്ചായത്ത് സെക്രട്ടറി ഒ. മനോജ്, കെ. കുഞ്ഞമ്മദ്, മണ്ഡലം വികസന മിഷന്‍ ജനറല്‍ കണ്‍വീനര്‍ എം. കുഞ്ഞമ്മദ്, പി. ബാലന്‍ അടിയോടി, രാജന്‍ മരുതേരി, എ.കെ. ചന്ദ്രന്‍, സി.പി. അബ്ദുള്‍ ഹമീദ്, കെ.കെ. വത്സരാജ്, സി.കെ. ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.