റെയിൽവേ വികസന ആവശ്യങ്ങൾ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ മുൻപിൽ ഉന്നയിച്ച് എം.കെ.രാഘവൻ എംപി


കോഴിക്കോട് റെയിൽവേ സ്റ്റേഷൻ രാജ്യാന്തര നിലവാരത്തിൽ എത്തിക്കുന്നതിന്റെ പ്രവൃത്തികൾക്കായി ടെൻഡർ നടപടികളിലാണു റെയിൽവേയെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ

കോഴിക്കോട്:രണ്ടു ട്രെയിനുകൾ കോഴിക്കോട്ടേക്കു നീട്ടുന്നതടക്കം ജില്ലയുടെ റെയിൽവേ ആവശ്യങ്ങൾ എം.കെ.രാഘവൻ എംപി ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.കെ.കുലശ്രേഷ്ഠയ്ക്കു കൈമാറി. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ രാജ്യാന്തര നിലവാരത്തിൽ എത്തിക്കുന്നതിന്റെ പ്രവൃത്തികൾക്കായി ടെൻഡർ നടപടികളിലാണു റെയിൽവേയെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ.കോഴിക്കോട് റെയിൽവേ സ്റ്റേഷന്റെ നാലാം പ്ലാറ്റ്ഫോമിലും ഒന്നാം പ്ലാറ്റ്ഫോമിന്റെ തെക്കു ഭാഗത്തും എസ്കലേറ്റർ, പുതിയതായി നിർമിക്കുന്ന നടപ്പാലത്തിൽ ഒരു വശത്തേക്കു മാത്രം എസ്കലേറ്റർ എന്നിവയ്ക്ക് അംഗീകാരം നൽകുമെന്ന് ജനറൽ മാനേജർ അറിയിച്ചതായി രാഘവൻ എംപി പറഞ്ഞു.

നാലാം പ്ലാറ്റ്ഫോമിൽ റസ്റ്ററന്റ്, ബാങ്ക് എടിഎം കൗണ്ടർ എന്നിവയ്ക്കും അനുമതി ലഭിക്കും. എല്ലാ പാസഞ്ചർ ട്രെയിനുകളും മെമു ആക്കണമെന്ന ആവശ്യം പരിഗണിക്കാമെന്നു ജിഎം ഉറപ്പു നൽകിയതായി എംപി അറിയിച്ചു. മംഗളൂരു – ലോകമാന്യ തിലക് മൽസ്യഗന്ധ എക്സ്പ്രസ് കോഴിക്കോട്ടേക്കും കോയമ്പത്തൂർ – ചെന്നൈ ചേരൻ എക്സ്പ്രസ് ഗോവ വരെയും ബൈന്ദൂർ – കണ്ണൂർ പാസഞ്ചർ കോഴിക്കോട്ടേക്കും കോഴിക്കോട് – കണ്ണൂർ പാ‍സഞ്ചർ ഷൊർണൂർക്കും നീട്ടണമെന്ന് എംപി ആവശ്യപ്പെട്ടു.

ഫറോക്ക് റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്ഫോം നീളം കൂട്ടൽ, വിശ്രമ കേന്ദ്രത്തിന്റെ വികസനം, ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പ് എന്നീ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് റെയിൽവേ ഉറപ്പു നൽകി. കടലുണ്ടി, കല്ലായി, വെസ്റ്റ്ഹിൽ, എലത്തൂർ എന്നിവയുടെ വികസനത്തിനു റെയിൽവേ പഠനം നടത്തും. വെസ്റ്റ്ഹിൽ പിറ്റ്‌ലൈൻ നിർമാണ ആവശ്യം വീണ്ടും റെയിൽവേയുടെ പരിഗണനയ്ക്കു സമർപ്പിച്ചു.

ചരക്കു ലോറികൾ കയറ്റിക്കൊണ്ടുപോകാവുന്ന റോ റോ സർവീസ് കോഴിക്കോട് വഴി ആരംഭിക്കണമെന്നും എംപി ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിക്കാമെന്ന മറുപടിയാണ് റെയിൽവേ നൽകിയത്. കണ്ണൂർ വിമാനത്താവളം, കരിപ്പൂർ വിമാനത്താവളം എന്നിവയുമായി ബന്ധിപ്പിക്കുന്ന റെയിൽ പാതയ്ക്ക് അനുകൂല റിപ്പോർട്ട് റെയിൽവേ നൽകി. കോഴിക്കോട് – അങ്ങാടിപ്പുറം പാതയ്ക്ക് റെയിൽവേ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ.

മിഠായിത്തെരുവിൽ തീപിടിത്തം പതിവായ സാഹചര്യത്തിൽ എസ്എം സ്ട്രീറ്റിനു സമീപത്തു ഫയർ സ്റ്റേഷൻ സ്ഥാപിക്കുന്നതിനു റെയിൽവേയുടെ സ്ഥലം വിട്ടുതരാൻ ധാരണയായതായും രാഘവൻ അറിയിച്ചു. കോച്ചുകളുടെയും എൻജിനുകളുടെയും അറ്റകുറ്റപ്പണിക്കു ഷൊർണൂരിൽ സൗകര്യം ഒരുക്കണമെന്ന ആവശ്യവും പരിഗണിക്കാമെന്ന് റെയിൽവേ ഉറപ്പു നൽകിയതായി എംപി അറിയിച്ചു. കേരളത്തിലെ റെയിൽവേ ആവശ്യങ്ങൾ ചർച്ച ചെയ്യുന്നതിനു ദക്ഷിണ റെയിൽവേ ജനറൽ മാനേജരുടെ നേതൃത്വത്തിൽ 19ന് എംപിമാരുടെ യോഗം തിരുവനന്തപുരത്ത് വിളിച്ചിട്ടുണ്ട്.