റിപ്പബ്ലിക് ദിന പരേഡിന് കേരളത്തിൽ നിന്നു പോവാൻ അവസരം ലഭിച്ച മൂന്നു പേരിൽ ഒരാൾ കോഴിക്കോട്ടുകാരി


കോഴിക്കോട്:ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്ന് മൂന്ന് എൻഎസ്എസ് വൊളന്റിയർമാർക്ക് അവസരം. പേരാമ്പ്ര ഹയര്‍ സെക്കഡറി സ്കൂള്‍ എന്‍എസ്എസ് ലീഡര്‍ ‍ഡി. അഞ്ജിമയ്ക്കാണ് മലബാറില്‍ നിന്ന് ഇൗ അവസരം ലഭിച്ചത്. കോഴിക്കോട് ജില്ലയിൽ മാത്രം 6500 സേവന സന്നദ്ധരായ വൊളന്റിയർമാരുള്ള നാഷനൽ സർവീസ് സ്‌കീമിൽ കേരളത്തില്‍ നിന്ന് ആകെ മൂന്ന് പേർക്കാണ് അവസരം.

അഞ്ജിമ ജില്ല, റീജിനൽ, സംസ്ഥാന തലങ്ങളിലെ തിരഞ്ഞെടുപ്പുകൾക്ക് ശേഷം സൗത്ത് ഇന്ത്യാതല മത്സരത്തിന് ശേഷമാണ് തിരഞ്ഞെടുക്കപ്പെട്ടത്. കോഴിക്കോട് ജില്ലയുടെ പ്രതിനിധിയായി ചെങ്കോട്ടയിലെ രാജവീഥികളിൽ പരേഡിന്റെ ഭാഗമാവുമ്പോൾ പേരാമ്പ്രയെന്ന മലയോര ഗ്രാമവിദ്യാലയത്തിനും അധ്യാപകർക്കും സഹപാഠികൾക്കും സുഹൃത്തുക്കൾക്കും നാടിനും അത് അഭിമാനമാവും. പേരാമ്പ്ര കല്ലോട് കാരപ്പറമ്പത്ത് വിമുക്ത ഭടൻ ദാമോദരന്റെയും ശോഭനയുടെയും മകളാണ്.

അഞ്ജിമ പരിപാടിയുടെ പരിശീലനങ്ങൾക്കായി ഡൽഹിയിലേക്ക് പോയികഴിഞ്ഞു. തുടർച്ചയായി എല്ലാ വർഷങ്ങളിലും കോഴിക്കോട് ജില്ലയുടെ എൻഎസ്എസ് പ്രതിനിധികൾക്ക് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത് നാടിന് അഭിമാനമാണെന്ന് എൻഎസ്എസ് ജില്ലാ കോ–ഒാർഡിനേറ്റർ എസ്. ശ്രീചിത്ത് പറഞ്ഞു.