മിഠായിത്തെരുവിൽ തെരുവുകച്ചവടക്കാരും വ്യാപാരികളും തമ്മിൽ സംഘർഷം





കോഴിക്കോട്:മിഠായിത്തെരുവിൽ കച്ചവടസ്ഥലത്തെ ചൊല്ലി വ്യാപാരികളും തെരുവുകച്ചവടക്കാരും തമ്മിൽ സംഘർഷം. സംഘർഷത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു. വ്യാപാരിയായ ഫിറോസ് (35), തെരുവുകച്ചവടക്കാരനായ ജാഫർ (32) എന്നിവർക്കാണ് പരുക്കേറ്റത്.ഇവരെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം. 

താജ്റോഡ് അവസാനിക്കുന്നിടത്ത് മിഠായിത്തെരുവിൽ കച്ചവടം ചെയ്യുന്നതുമായി ബന്ധപ്പെട്ടു തെരുവു കച്ചവടക്കാരോട് സമീപത്തെ വ്യാപാരി എത്തി സംസാരിച്ചതാണ് തർക്കത്തിനും സംഘർഷത്തിനും കാരണമായതെന്നു പൊലീസ് പറഞ്ഞു. മിഠായിത്തെരുവിൽ 33 ഇടങ്ങളിലായി 102 തെരുവുകച്ചവടക്കാർക്ക് കച്ചവടം ചെയ്യാം.

എന്നാൽ, ദിവസവും തെരുവു കച്ചവടക്കാരുടെ എണ്ണം വർധിക്കുകയാണെന്ന് വ്യാപാരികൾ ആരോപിക്കുന്നു. കടകൾക്ക് മുന്നിലായാണ് തെരുവുകച്ചവടക്കാർ കച്ചവടം ചെയ്യുന്നത്.

എന്നാൽ തങ്ങൾക്ക് അനുവദിച്ച സ്ഥലത്താണ് കച്ചവടം ചെയ്യുന്നതെന്നും തെരുവു കച്ചവടക്കാരെ മിഠായിത്തെരുവിൽനിന്നു മാറ്റാനുള്ള വ്യാപാരികളുടെ തന്ത്രമാണിതെന്നും തെരുവുകച്ചവടക്കാരും ആരോപിച്ചു. രാത്രി വ്യാപാരികൾ മിഠായിത്തെരുവിൽ പ്രതിഷേധ പ്രകടനം നടത്തി. സംഭവത്തിൽ ടൗൺ പൊലീസ് കേസെടുത്തു.