ഓട്ടോയില്‍ മറന്നുവെച്ച പത്തുപവന്‍ സ്വര്‍ണവും പണവും തിരികെ നല്‍കി വിണ്ടും കോഴിക്കോട്ടേ ഓട്ടോ ഡ്രൈവർ മാത്യകയായി



കോഴിക്കോട്: യാത്രക്കാര്‍ ഓട്ടോയില്‍ മറന്നുവെച്ച പത്തുപവന്‍ സ്വര്‍ണവും അമ്പതിനായിരം രൂപയും തിരികെ നല്‍കി ഓട്ടോ!ഡ്രൈവര്‍ മാതൃകയായി. അന്നശ്ശേരി ചെറുവലത്ത് ഹൗസില്‍ പി.കെ. ഷമീര്‍ (40) ആണ് സത്യസന്ധതയിലൂടെ കോഴിക്കോട്ടെ ഓട്ടോപ്പെരുമയുടെ പാരമ്പര്യം കാത്തത്. ഈസ്റ്റ്ഹില്‍ ഷെര്‍ലിന്‍ അപ്പാര്‍ട്ട്‌മെന്റ്‌സില്‍ താമസിക്കുന്ന കൊയിലാണ്ടി സ്വദേശിനി കമറിയക്കാണ് നഷ്ടപ്പെട്ടെന്നുകരുതിയ സ്വര്‍ണവും പണവും തിരികെ ലഭിച്ചത്. ശനിയാഴ്ച രാത്രി ഒമ്പതരയോടെ ഈസ്റ്റ്ഹില്ലില്‍നിന്ന് ഷമീറിന്റെ 'ഫാസില്‍മോന്‍' എന്ന ഓട്ടോയില്‍ കയറിയ കമറിയയുടെ കുടുംബാംഗങ്ങള്‍ പാളയത്തെ സ്വകാര്യ ട്രാവല്‍സിന്റെ ഓഫീസിനുമുന്നില്‍ ഇറങ്ങുകയായിരുന്നു. യാത്രക്കിടെ കമറിയയുടെ ബാഗുകൂടി കുടുംബാംഗങ്ങളുെട ലഗേജുകള്‍ക്കൊപ്പം അവരറിയാതെ ഉള്‍പ്പെടുകയും പാളയത്ത് ഇറങ്ങവേ അവരത് ഓട്ടോയില്‍ത്തന്നെ മറന്നുവയ്ക്കുകയുമായിരുന്നു. കുടുംബാംഗങ്ങള്‍ മടങ്ങിയശേഷമാണ് സ്വര്‍ണവും പണവുമടങ്ങിയ ബാഗ് നഷ്ടമായ കാര്യം കമറിയ അറിയുന്നത്. അതേസമയം, പാളയത്തുനിന്ന് ഓട്ടോസ്റ്റാന്‍ഡിലേക്ക് തിരികെപോകവേ ഓട്ടോയില്‍കണ്ട ബാഗ് പരിശോധിച്ചപ്പോള്‍ സ്വര്‍ണവും പണവും ഷമീറിന്റെ ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹം ഉടന്‍തന്നെ ബാഗ് അപ്പാര്‍ട്ട്‌മെന്റില്‍ തിരിച്ചെത്തിക്കുകയായിരുന്നെന്ന് നടക്കാവ് പോലീസ് അറിയിച്ചു.