എംആർ വാക്സിൻ: സംസ്ഥാനത്ത് കുത്തിവയ്പ് എടുത്തത് 88.8%




കോഴിക്കോട്: മീസിൽസ്–റുബെല്ല പ്രതിരോധ കുത്തിവയ്പ് യജ്ഞം അവസാനിച്ചപ്പോൾ സംസ്ഥാനത്ത് കുത്തിവയ്പ് എടുത്ത കുട്ടികൾ 88.80 %. ആകെ 72,64,838 കുട്ടികൾക്കു കുത്തിവയ്പ് നൽകാൻ ലക്ഷ്യമിട്ട സംസ്ഥാനത്ത് 64,48,070 പേർക്കാണ് കുത്തിവയ്പ് നൽകാനായത്. ഒക്ടോബർ മൂന്നിനാരംഭിച്ച് നവംബർ മൂന്നിന് പൂർത്തിയാക്കാൻ ലക്ഷ്യമിട്ട കുത്തിവയ്പ് യജ്ഞത്തോടു ചില ഭാഗങ്ങളിൽ പ്രകടമായ നിസ്സഹകരണം കാരണം നവംബർ 30 വരെ യജ്ഞം നീട്ടി.

മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പ്രതികരണം കുറവായതിനെ തുടർന്ന് ഈ രണ്ടു ജില്ലകളിലും ഡിസംബർ 16 വരെ കുത്തിവയ്പ് യജ്ഞം തുടർന്നു. മലപ്പുറം ജില്ലയിൽ ജനുവരി ആറു വരെ തുടർന്നു. മലപ്പുറത്ത് ആറു വരെ സമയം അനുവദിച്ചപ്പോൾ 82 % കുട്ടികൾക്ക് കുത്തിവയ്പ് എടുത്തു. ഡിസംബർ 16 വരെ സമയം അനുവദിച്ച കോഴിക്കോട് ജില്ലയിൽ 81.45 % പേരും കുത്തിവയ്പ് എടുത്തു.

ഡിസംബർ മൂന്നിന് യജ്ഞം അവസാനിപ്പിച്ച മറ്റു ജില്ലകളിലെ കണക്ക് (ശതമാനത്തിൽ): തിരുവനന്തപുരം – 93.80, കൊല്ലം – 95.00, പത്തനംതിട്ട – 97.90, ആലപ്പുഴ – 97.90, കോട്ടയം – 98.40, ഇടുക്കി – 97.10, എറണാകുളം – 89.30, തൃശൂർ – 89.70, പാലക്കാട് – 85.50, വയനാട് – 92.71, കണ്ണൂർ – 86.80, കാസർ‍കോട് – 91.10. നവംബർ ഒന്നു വരെ കുത്തിവയ്പ് എടുത്തവരുടെ എണ്ണത്തിലും മലപ്പുറം ജില്ലയായിരുന്നു ഏറ്റവും പിന്നിൽ–66.18%.

തുടർന്നു ചേർന്ന ഉന്നതതല യോഗത്തിലാണ് സർക്കാർ തീയതി നീട്ടാൻ തീരുമാനിച്ചത്. 90 % പേരും കുത്തിവയ്പ് എടുത്താൽ അതു വിജയകരമായാണ് കണക്കാക്കുന്നത്. അതിൽ കുറവു നേരിട്ട സാഹചര്യത്തിലാണ് യജ്ഞത്തിന്റെ ഭാഗമല്ലെങ്കിലും പിന്നാക്കം നിൽക്കുന്ന ജില്ലകളിൽ പതിവു പ്രതിരോധ കുത്തിവയ്പുകൾക്കൊപ്പം മീസിൽസ്–റുബെല്ല കുത്തിവയ്പും നൽകിവരുന്നത്.

ഓരോ ജില്ലയിലും കുത്തിവയ്പ് നൽകാൻ ലക്ഷ്യമിട്ട കുട്ടികളുടെ എണ്ണവും, ബ്രാക്കറ്റിൽ കൈവരിച്ച ലക്ഷ്യവും : കോട്ടയം–359807 (353966), പത്തനംതിട്ട–203454 (199152), ആലപ്പുഴ–389880 (381564), ഇടുക്കി–210323 (204138), കൊല്ലം–530114 (503600), തിരുവനന്തപുരം–629585 (590674), വയനാട്–192789 (178749), കാസർകോട്–305977 (278676), തൃശൂർ–643228 (576743), എറണാകുളം–663565 (592559), കണ്ണൂർ–554870 (481443), പാലക്കാട്–647629 (553781), മലപ്പുറം–1197108 (981062), കോഴിക്കോട്–702198 (571963).