എംവി സിൽവർ ഡിസ്കവറർ കപ്പൽ ബേപ്പൂരിൽ



കോഴിക്കോട്:വിവിധ രാജ്യങ്ങളിൽ നിന്നുള്ള 77 അംഗ സഞ്ചാരികളാണ് എംവി സിൽവർ ഡിസ്കവറർ എന്ന ആഡംബര കപ്പലിൽ ബേപ്പൂരിൽ എത്തിയത്. പരമ്പരാഗത ഉരു നിർമാണത്തിന്റെ പൈതൃക ഭൂമിയിലെ കാഴ്ചകൾ കണ്ട ശേഷം വൈകിട്ടോടെ സംഘം ലക്ഷദ്വീപിലേക്ക് തിരിച്ചു.

ശ്രീലങ്കയിലെ കൊളംബോയിൽനിന്നു ഡിസംബർ 22നു പുറപ്പെട്ട കടൽ യാത്രാസംഘം രാവിലെയാണ് എത്തിയത്. വലിയ കപ്പലായ സിൽവർ ഡിസ്കവറർ തുറമുഖത്ത് അടുപ്പിക്കാൻ സാധ്യമല്ലാത്തതിനാൽ പുറംകടലിൽ നങ്കൂരമിട്ടു. ഇമിഗ്രേഷൻ പരിശോധനകൾക്കു ശേഷം കപ്പലിലെ ചെറുബോട്ടിലാണ് സഞ്ചാരികളെ പുലിമുട്ടിലെ മറീന ജെട്ടിയിൽ എത്തിച്ചത്.

ബസുകളിൽ തുടർയാത്ര നടത്തിയ സഞ്ചാരികൾ ബേപ്പൂർ കയർ ഫാക്ടറി, ഉരു നിർമാണ കേന്ദ്രം, നടുവട്ടം തസറ നെയ്ത്തു കേന്ദ്രം, മിഠായിത്തെരുവ് എന്നിവിടങ്ങൾ സന്ദർശിച്ചു. അമേരിക്ക, ബ്രിട്ടൻ, അർജന്റീന, ഓസ്ട്രേലിയ, ഓസ്ട്രിയ, കാനഡ, ചൈന, കൊളംബിയ, ഡെൻമാർക്ക്, ഹോങ്കോങ്, ഇറ്റലി, സ്പെയിൻ, സ്വീഡൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് സഞ്ചാരികൾ.

ലക്ഷദ്വീപിലെ തിന്നക്കര, ചെറിയം മിനിക്കോയ് ദ്വീപുകൾ, വിഴിഞ്ഞം എന്നിവിടങ്ങൾ സന്ദർശിച്ചു ഫെബ്രുവരി നാലിനു കൊളംബോയിൽ യാത്ര അവസാനിപ്പിക്കും. വന്നത് ആഡംബര കപ്പൽ 154 യാത്രക്കാർക്കു സഞ്ചരിക്കാവുന്ന ആഡംബര കപ്പലിൽ ഏഴു തട്ടുകളിലായി 64 കാബിനുകളുണ്ട്. ക്യാപ്റ്റൻ ഗ്രെസ്‌ലാക് ഡാരിയൂസിന്റെ നേതൃത്വത്തിൽ 105 ജീവനക്കാരുള്ള കപ്പലിനു 102 മീറ്റർ നീളവും 28 മീറ്റർ ഉയരവുമുണ്ട്.

മലബാറിലെ ടൂറിസം മേഖലയുടെ വളർച്ച ലക്ഷ്യമിട്ടാണ് വിദേശ വിനോദ സഞ്ചാരികളെ ബേപ്പൂരിലേക്ക് ക്ഷണിച്ചത്. ഒപ്പം ബേപ്പൂരിന്റെ പൈതൃകവും സംസ്കാരവും പ്രകൃതി രമണീയതയും പരിചയപ്പെടുത്തുകയെന്നതും ലക്ഷ്യമാണ്. ക്യാപ്റ്റൻ കെ. അശ്വനി പ്രതാപ് പോർട്ട് ഓഫിസർ