സര്‍ഗാലയ കരകൗശലമേള ഇനി രണ്ടുനാള്‍കൂടികോഴിക്കോട്: കരവിരുതിന്റെ ലോകം സന്ദര്‍ശര്‍ക്ക് സമ്മാനിച്ച സര്‍ഗാലയ അന്താരാഷ്ട്ര കലാ-കരകൗശലമേള ഇനി രണ്ടുനാള്‍കൂടി. 21ന് തുടങ്ങി എട്ടിന് സമാപിക്കുന്ന മേള 17 ദിവസം പിന്നിടുമ്പോള്‍ ഒന്നരലക്ഷത്തിലധികം ആളുകള്‍ സന്ദര്‍ശിച്ചു. 75 ലക്ഷം രൂപയുടെ കരകൗശലവസ്തുക്കള്‍ വിറ്റുപോയി. കഴിഞ്ഞവര്‍ഷത്തെക്കാള്‍ അധികമാണ് ഇതുരണ്ടും. ഇതരസംസ്ഥാനങ്ങളില്‍നിന്നുവന്ന മരസാധനങ്ങള്‍ക്കായിരുന്നു വന്‍ഡിമാന്‍ഡ്. പലരും ആദ്യംകൊണ്ടുവന്ന സാധനങ്ങള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും ലോറിയില്‍ എത്തിക്കുകയായിരുന്നു. ഇവിടത്തെ വിലയുമായി വലിയവിത്യാസമുള്ള സാധനങ്ങള്‍ പുറത്തുനിന്നുമെത്തിയ കച്ചവടക്കാര്‍ വിലപേശി ഒന്നിച്ചുവാങ്ങി കൊണ്ടുപോകുന്നത് കാണാമായിരുന്നു. ഞായറാഴ്ച 6.30ന് നടക്കുന്ന പ്രതിഭാസംഗമം പരിപാടി സ്​പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കലാ-കരകൗശല പ്രതിഭകളെ ആദരിക്കും. കെ. ദാസന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി. കുല്‍സു ഉപഹാരങ്ങള്‍ നല്‍കും. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറും.