കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന് 400 കോടി രൂപയുടെ മാസ്​റ്റർ പ്ലാൻ


കോഴിക്കോട്: ഗവ. മാനസികാരോഗ്യ കേന്ദ്രത്തെ അന്താരാഷ്ട്ര നിലവാരത്തിലുള്ള മാനസികാരോഗ്യ ചികിത്സ നൽകുന്ന ഗവേഷണ സ്ഥാപനമായി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. കുതിരവട്ടം ജില്ല മാനസികാരോഗ്യകേന്ദ്രം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 400 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിനുള്ള പ്രാരംഭ നടപടി ആരംഭിച്ചു. സംസ്ഥാന സർക്കാറി​െൻറ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നൂറു കോടി രൂപയുടെ ഒന്നാം ഘട്ടം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. മാസ്റ്റർ പ്ലാൻ നടപ്പാക്കാനായി ഒരു ട്രസ്റ്റ് രൂപവത്കരിച്ച് രജിസ്റ്റർ ചെയ്തു. കോഴിക്കോട് ജില്ല കലക്ടറെ തുടർ നടപടികൾക്കായി ചുമതലപ്പെടുത്തി. മാനസിക രോഗനിർണയ പരിശോധന, തലച്ചോറിനെ ബാധിക്കുന്ന ക്ഷതങ്ങളുടെയും രോഗാവസ്ഥകളുടേയും ഭാഗമായി വരുന്ന വൈകല്യങ്ങളുടെ നിർണയം മുതലായവയുടെ ചികിത്സക്ക് പ്ലാൻഫണ്ട് വിനിയോഗിച്ച് വാങ്ങിയ ഉപകരണങ്ങൾ ആരോഗ്യ കേന്ദ്രം ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സോ. സന്ദീഷിന് മന്ത്രി കൈമാറി. ജില്ല മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. എൻ. രാജേന്ദ്രൻ പദ്ധതി വിശദീകരിച്ചു. ജില്ല കലക്ടർ യു.വി. ജോസ്, ഡി.എം.ഒ ഡോ. വിജയശ്രീ, ഡോ. ആശ, ഡോ. വത്സല, ടി.പി. ചന്ദ്രൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. മാനസികാരോഗ്യ കേന്ദ്രത്തിന് 20 കോടി രൂപ ഉടനെ അനുവദിക്കാൻ ശിപാർശ ചെയ്യും കോഴിക്കോട്: കുതിരവട്ടം ഗവ. മാനസികാരോഗ്യ കേന്ദ്രത്തി​െൻറ മാസ്റ്റർ പ്ലാനിന് അനുവദിച്ച തുകയിൽ 20 കോടി രൂപ ഉടനടി അനുവദിക്കാൻ സർക്കാറിനോട് ശിപാർശ ചെയ്യുമെന്ന് നിയമസഭ സമിതി വ്യക്തമാക്കി. പ്ലാൻ ഫണ്ട് ആവശ്യത്തിന് കിട്ടാത്തത് ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്നും സിറ്റിങ്ങിന് ശേഷം വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എ പറഞ്ഞു. ആശുപത്രിയിൽ അതത് ദിവസത്തെ കാര്യങ്ങൾ പോലും നടത്താൻ ബുദ്ധിമുട്ടുണ്ട്. ജീവനക്കാരുടെ പ്രവർത്തനങ്ങൾ തൃപ്തികരമാണ്. എന്നാൽ, സെക്യൂരിറ്റി ജീവനക്കാർ പോലും ഇല്ലാത്ത സ്ഥിതിയാണ്. സ്റ്റാഫ് പാറ്റേണിലുള്ള പ്രശ്‌നങ്ങൾ സർക്കാറി​െൻറ ശ്രദ്ധയിൽ പെടുത്തും. പൊതുസമൂഹത്തി​െൻറ ശ്രദ്ധയും ഇത്തരം കേന്ദ്രങ്ങൾക്ക് ആവശ്യമാണ്. എന്നാൽ, അത്തരത്തിലുള്ള സഹായവും വേണ്ട രീതിയിലില്ല. കോർപറേറ്റ് കമ്പനികളുടെ ഫണ്ട് ഇവിടേക്കെത്തിക്കാനുള്ള ശ്രമം വേണമെന്നും അദ്ദേഹം പറഞ്ഞു. പുരുഷൻ കടലുണ്ടി എം.എൽ.എ, കലക്ടർ യു.വി ജോസ്, ഡി.എം.ഒ ഡോ. വി. ജയശ്രീ തുടങ്ങിയവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.

Post a Comment

0 Comments