കോഴിക്കോട്: ജില്ലയിലെ 40 വില്ലേജ് ഓഫിസുകൾ ജനസൗഹൃദ വില്ലേജ് ഓഫിസാക്കി മാറ്റുന്നതിന് സർക്കാർ നടപടികൾ പൂർത്തിയായി വരികയാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. മുഴുവൻ വില്ലേജ് ഓഫിസുകളും ജനസൗഹൃദ വില്ലേജ് ഓഫിസാക്കി മാറ്റുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. റവന്യു ദിനാഘോഷം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 118 പേർക്ക് ധനസഹായം വിതരണം ചെയ്‌തു. 57 പേർക്ക് പട്ടയവും 128 പേർക്ക് നാഷനൽ ഫാമിലി ബെനഫിറ്റ് സ്‌കീമിലുൾപ്പെടുത്തി ധനസഹായവും മന്ത്രി വിതരണം ചെയ്‌തു.
മികച്ച സേവനത്തിന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്‌ടർ മറിയം ഹസീന, തഹസിൽദാർ ഇ.അനിത കുമാരി, ഡപ്യൂട്ടി ഡിഎംഒ ഡോ.ആശാദേവി, സിആർസി ഡയറക്‌ടർ റോഷൻ ബിജ്‌ലി എന്നിവർക്ക് ഗുഡ് സർവീസ് എൻട്രി നൽകി അനുമോദിച്ചു. മേയർ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ വി.കെ.സി. മമ്മദ്‌കോയ, പുരുഷൻ കടലുണ്ടി, പി.ടി.എ. റഹീം, ഇ.കെ.വിജയൻ, സി.കെ. നാണു, കെ. ദാസൻ, അസിസ്‌റ്റന്റ് കലക്‌ടർ സ്‌നേഹിൽ കുമാർ സിങ്, കലക്‌ടർ യു.വി. ജോസ്, എഡിഎം ടി. ജനിൽകുമാർ എന്നിവർ പ്രസംഗിച്ചു.