ഓമശ്ശേരി പഞ്ചായത്തില്‍ വീട് കയറിയുള്ള ഭിക്ഷാടനം നിരോധിച്ചുകോഴിക്കോട്: ഓമശ്ശേരി പഞ്ചായത്ത് പരിധിയില്‍ വീട് കയറിയുള്ള ഭിക്ഷാടനം പൂര്‍ണമായി നിരോധിക്കാന്‍ ഭരണസമിതി തീരുമാനിച്ചു. മറുനാട്ടുകാരായ ബ്ലേഡ് മാഫിയകളുടെ വീട് കയറിയുള്ള പണമിടപാടുകളും നിരോധിച്ചു. വീടുകയറി സാധനങ്ങളുടെ വില്‍പ്പന നടത്തുന്നവരുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്താനാവശ്യപ്പെട്ട് പ്രചാരണങ്ങള്‍ നടത്താനും തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്തിലെ 19 വാര്‍ഡുകളിലെയും പ്രധാന കേന്ദ്രങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. വീടുകളില്‍ പ്രചാരണ ലഘുലേഖയെത്തിക്കും. പഞ്ചായത്തംഗം കെ.പി. കുഞ്ഞമ്മദ് നല്‍കിയ കത്ത് അജന്‍ഡയായി എടുത്ത് ഭരണസമിതി യോഗത്തില്‍ ചര്‍ച്ച ചെയ്താണ് തീരുമാനമെടുത്തത്. പ്രസിഡന്റ് ഗ്രേസി നെല്ലിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. പി.വി. അബ്ദുറഹിമാന്‍, കെ.ടി. സക്കീന, ഫാത്തിമ വടക്കിനിക്കണ്ടി, അജിതകുമാരി, കെ.കെ. രാധാകൃഷ്ണന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.