യുഎൽ സൈബർ പാർക്കിലെ കമ്പനിക്ക് രാജ്യാന്തര പുരസ്കാരം

എക്സ്ട്രീം ടെക് ചാലഞ്ചിൽ ഫിൻടെക് വിഭാഗത്തിൽ പുരസ്കാരം നേടിയ യുഎൽ സൈബർ പാർക്കിലെ വിസ്രു കമ്പനി അംഗങ്ങൾ

കോഴിക്കോട്: നഗരത്തിന്റെ ഐടി മികവിന് അമേരിക്കയിലും അംഗീകാരം. സ്റ്റാർട്ടപ്പുകളുടെ ഉൽപന്നങ്ങൾ അണിനിരക്കുന്ന എക്സ്ട്രീം ടെക് ചാലഞ്ചിലാണ് യുഎൽ സൈബർ പാർക്കിലെ ‘വിസ്രു’ എന്ന കമ്പനി പുരസ്കാരത്തിൻ അർഹരായത്. കമ്പനി പുറത്തിറക്കിയ ബിസിനസ് പ്രോസസ് ഓട്ടമേഷൻ സൊല്യൂഷനാണ് ലാസ് വേഗസിൽ നടന്ന മൽസരത്തിലെ ഫിൻടെക് വിഭാഗത്തിൽ ഏറ്റവും മികച്ചതായി തിരഞ്ഞെടുക്കപ്പെട്ടത്.

ധനകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കായുള്ള എന്റർപ്രൈസ് ക്ലൗഡ് ബേസ്ഡ് ബിസിനസ് പ്രോസസ് ഓട്ടമേഷനാണ് കമ്പനി നൽകുന്നത്. നോ കോഡ് പ്ലാറ്റ്ഫോമിൽ വികസിപ്പിച്ചിരിക്കുന്ന ഓട്ടമേഷൻ സൊല്യൂഷന്റെ പ്രധാന ഭാഗം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനപ്പെടുത്തിയുള്ള ഒരു എൻജിനാണ്. മനുഷ്യന്റെ ഇടപെടലില്ലാതെതന്നെ പലസ്ഥാപനങ്ങൾക്ക്  എസ്എംഎസിലൂടെയും ചാറ്റിലൂടെയും മറ്റ് ആപ്ലിക്കേഷനുകളിലൂടെയും പരസ്പരം ആശയവിനിമയം നടത്താൻ കഴിയുമെന്നതാണ് സൊല്യൂഷന്റെ പ്രധാന നേട്ടം. 

വിർജിൻ ഗ്രൂപ് മേധാവിയായ റിച്ചഡ് ബ്രാൻസൺ നേതൃത്വം നൽകുന്ന എക്സ്ട്രീം ടെക് ചാലഞ്ച് സ്റ്റാർട്ടപ്പുകൾക്കുവേണ്ടിയുള്ള ലോകത്തിലെതന്നെ ഏറ്റവും വലിയ മൽസരവേദിയായാണ് അറിയപ്പെടുന്നത്. ചെന്നൈ സ്വദേശിയായ രമേശ് മഹാലിംഗം സ്ഥാപക സിഇഒ ആയുള്ള വിസ്രു 2012-ലാണ് തുടക്കം കുറിച്ചത്..

യുഎൽ പാർക്കിൽ സ്ഥിതി ചെയ്യുന്ന കമ്പനിയുടെ ഇന്നവേഷൻ സെന്ററിലെ 16 അംഗ സംഘമാണ് അംഗീകാരം നേടിയ  ഓട്ടമേഷൻ സൊല്യൂഷൻ വികസിപ്പിപ്പിച്ചെടുത്തത്.അമേരിക്കയിൽ സിലിക്കൺ വാലിയിലും വിസ്രുവിൻ ഓഫിസുണ്ട്.

ബിസിനസ് ഡവലപ്പർമാർക്കായുള്ള നോ കോഡ് പ്ലാറ്റ്ഫോം വികസിപ്പിക്കുന്നതിൽ ആഗോളതലത്തിൽ മുന്നിട്ടു നിൽക്കുന്ന 13 കമ്പനികളിൽ ഒന്നായി വിസ്രുവിനെ പ്രമുഖ ബിസിനസ് റിസർച് ഏജൻസിയായ ഫോറസ്റ്റർ തിരഞ്ഞെടുത്തിട്ടുണ്ടെന്നും സിഇഒ രമേശ് മഹാലിംഗം അറിയിച്ചു.

എക്സ്ട്രീം ടെക് ചാലഞ്ചിലെ നേട്ടത്തോടെ പ്രമുഖ ബാങ്കിങ് ഗ്രൂപ്പായ പിഎൻബി പാരിബാസിനൊപ്പം സഹകരിച്ചു പ്രവർത്തിക്കാനുള്ള അവസരമാണ് വിസ്രുവിന് ലഭിച്ചിരിക്കുന്നത്. കോഴിക്കോട്ടെ ഐടി കമ്പനികൾ ആഗോളതലത്തിൽ കിടപിടിക്കുന്ന  ഉൽപന്നങ്ങളുമായി മുന്നോട്ടുവരുന്നതിൽ അഭിമാനമുണ്ടെന്നും ഇത് ഐടി വ്യവസായത്തിന് ഊർജമാകുമെന്നും യുഎൽ സൈബർ പാർക്ക് സിഒഒ ലഫ്. കമാൻഡർ എസ്. അരുണും പറഞ്ഞു.