ബോട്ടുടമകൾ സമരം പിൻവലിച്ചുകോഴിക്കോട്:മത്സ്യബന്ധന ബോട്ടുടമകൾ നടത്തിയിരുന്ന സമരം പിൻവലിച്ചു. സമരം പിൻവലിച്ച വാർത്തയറിഞ്ഞതോടെ മീൻപിടിത്ത ബേപ്പൂർ തുറമുഖത്ത് ചെറുബോട്ടുകൾ കടലിൽ പോകാനുള്ള ഒരുക്കം തുടങ്ങി. ഐസ്, വെള്ളം എന്നിവ ശേഖരിച്ചു ഇന്നും നാളെയുമായി ചെറുബോട്ടുകൾ മത്സ്യബന്ധനത്തിനു പുറപ്പെടും.

ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിൽ പോയതിനാൽ ഒന്നു രണ്ടു ദിവസം കഴിഞ്ഞേ വലിയ ബോട്ടുകൾ പോയിത്തുടങ്ങൂവെന്നു ഹാർബർ വികസന സമിതി പ്രസിഡന്റ് കരിച്ചാലി പ്രേമൻ പറഞ്ഞു. മത്സ്യബന്ധനത്തിനു ഏർപെടുത്തിയ അനാവശ്യ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ചു ഓൾ കേരള ഫിഷിങ് ബോട്ട് ഓപറേറ്റഴ്‌സ് അസോസിയേഷൻ നേതൃത്വത്തിൽ 15 മുതലാണ് സംസ്ഥാനത്തു അനിശ്ചിതകാല സമരം തുടങ്ങിയത്.

കടലിലുണ്ടായ ബോട്ടുകൾ മത്സ്യബന്ധനം നിർത്തി കരയിലേക്ക് തിരിച്ചു പോരുകയുണ്ടായി. എട്ടു ദിവസം സമരം തുടർന്നതു മത്സ്യത്തൊഴിലാളികൾക്കും മേഖലയിൽ പണിയെടുക്കുന്ന ആയിരക്കണക്കിനു അനുബന്ധ തൊഴിലാളികൾക്കും വറുതിയുടെ ദിനങ്ങളാണ് സമ്മാനിച്ചത്. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ചീഫ് സെക്രട്ടറി പോൾ ആന്റണി വിളിച്ചു ചേർത്ത ചർച്ചയിൽ ബോട്ടുടമകൾ ഉന്നയിച്ച പ്രശ്‌നങ്ങൾക്കു പരിഹാരം കാണാമെന്ന ഉറപ്പിൽ സമരം പിൻവലിച്ചപ്പോഴാണ് തൊഴിലാളികളുടെ നിരാശ നീങ്ങിയത്.

ചെറിയ കിളിമീൻ പിടിക്കുന്നതിനു ഫിഷറീസ് അധികൃതർ വൻ തുക പിഴ ചുമത്തുന്നതിലും ഡീസലിനു സബ്‌സിഡി ആവശ്യപ്പെട്ടുമായിരുന്നു ബോട്ട് സമരം. സംസ്ഥാനത്തെ 3500 യന്ത്രവൽകൃത ബോട്ടുകളും സമരത്തിലേർപ്പെട്ടതോടെ ആയിരക്കണക്കിനു തൊഴിലാളികളാണ് വലഞ്ഞത്. മത്സ്യ അനുബന്ധ മേഖലയിൽ ജോലിയെടുക്കുന്നവരെയും സമരം കാര്യമായി ബാധിച്ചു.

മീൻ ലഭ്യതക്കനുസരിച്ചു കൂലി കിട്ടുന്ന തൊഴിലാളികൾ നിത്യച്ചെലവിനു വകയില്ലാതെ പ്രയാസപ്പെടുകയായിരുന്നു. മത്സ്യത്തൊഴിലാളി കുടുംബങ്ങൾ കടുത്ത പട്ടിണിയിലകപ്പെടും മുൻപ് സമരം പിൻവലിക്കാൻ തീരുമാനമായതിൽ തീരദേശവാസികൾ ആഹ്ലാദത്തിലാണ്. എട്ടു ദിവസമായി ആരവമൊഴിഞ്ഞ മത്സ്യബന്ധന തുറമുഖം പഴയ നിലയിലാകണമെങ്കിൽ കുറഞ്ഞതു ഒരാഴ്ചയെടുക്കും. കടലിൽ പോകുന്ന ബോട്ടുകൾ മീനുമായി തിരിച്ചെത്താൻ തുടങ്ങിയാലേ ഹാർബർ സജീവമാകൂ. ബോട്ടുകളിലേക്കു ഐസ് പൊടിച്ചു കയറ്റുന്നവരും വെള്ളമെത്തിച്ചു നൽകുന്നവരും ഇന്നു മുതൽ ഹാർബറിൽ പണിയിലേർപ്പെടും.