പെരുവണ്ണാമൂഴി സപ്പോര്‍ട്ടിങ് ഡാം:നിര്‍മാണത്തിന് രൂപരേഖയായി



കോഴിക്കോട്: കുറ്റ്യാടി ജലസേചന പദ്ധതിയിലെ പെരുവണ്ണാമൂഴി ഡാം ബലപ്പെടുത്തുന്നതിനായി സപ്പോര്‍ട്ടിങ് ഡാം നിര്‍മാണത്തിനുള്ള രൂപരേഖ(ഡിസൈന്‍) തയ്യാറായി. ജലസേചന വകുപ്പിന് കീഴിലുള്ള ഇറിഗേഷന്‍ ഡിസൈന്‍ ആന്‍ഡ് റിസേര്‍ച്ച് ബോര്‍ഡ് വിഭാഗം തയ്യാറാക്കിയ രൂപരേഖ കേന്ദ്ര ജലകമ്മിഷന് സമര്‍പ്പിച്ചു. ഐ.ഡി.ആര്‍.ബി. ഉദ്യോഗസ്ഥര്‍, ജലസേചന വിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഡല്‍ഹിയിലെത്തിയാണ് ഡിസൈന്‍ കൈമാറിയത്. ഇവിടെനിന്ന് അന്തിമ അനുമതി ലഭിച്ചാല്‍ ഡാം റീഹാബിലിറ്റേഷന്‍ ആന്‍ഡ് ഇപ്രൂവ്‌മെന്‍ഫ് പ്രോജക്ടില്‍ (ഡ്രിപ്പ്) ഉള്‍പ്പെടുത്തി പ്രവൃത്തി നടത്താനാകും. ഇപ്പോഴുള്ള ഡാമിന്റെ മുന്‍വശത്താണ് സപ്പോര്‍ട്ടിങ് ഡാം നിര്‍മിക്കുക. 60 കോടി രൂപയോളം വേണ്ടി വരുമെന്നാണ് നിഗമനം. നിര്‍മാണ സ്ഥലത്തിന്റെ പാറ പരിശോധനയുടെ അടിസ്ഥാനത്തില്‍ ഇതില്‍ ചെറിയ മാറ്റം വരാം. 1988-ല്‍ തന്നെ കേന്ദ്ര ജലകമ്മിഷന്‍ (സി.ഡബ്ല്യു.സി.) സംഘം ഡാം പരിശോധിച്ചപ്പോള്‍ ബലക്കുറവുണ്ടെന്ന കാര്യം സ്ഥിരീകരിച്ചിരുന്നു. ചോര്‍ച്ചയുമുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്നാണ് ഡാം ബലപ്പെടുത്താനുള്ള പണികളും സുരക്ഷ വര്‍ധിപ്പിക്കാന്‍ സപ്പോര്‍ട്ടിങ് ഡാം നിര്‍മാണവും വേണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചത്. എന്നാല്‍ ഫണ്ട് ലഭ്യമാകാത്തതിനാല്‍ കാര്യങ്ങള്‍ നിണ്ടുപോയി. ലോകബാങ്കിന്റെ ഫണ്ട് ലഭ്യമായപ്പോഴാണ് ഡ്രിപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഡാം ബലപ്പെടുത്താന്‍ ഗ്രൗട്ടിങ്ങടക്കമുള്ള കാര്യങ്ങള്‍ തുടങ്ങിയത്. എന്നാല്‍ സപ്പോര്‍ട്ടിങ് ഡാം നിര്‍മാണം അപ്പോഴും പരിഗണിക്കപ്പെട്ടില്ല. ഡിസൈന്‍ ലഭിക്കാന്‍ വൈകിയതിനാല്‍ പ്രവൃത്തി ഡ്രിപ്പില്‍ ഉള്‍പ്പെടുത്താന്‍ കഴിയാതെ വരികയായിരുന്നു. ഡ്രിപ്പ് പദ്ധതിയില്‍ ഡാമിനായി അനുവദിച്ച 38 കോടിയില്‍ 23 കോടിയുടെ പ്രവൃത്തികള്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ തുടങ്ങാനുമായിട്ടുള്ളൂ. 1962-ല്‍ നിര്‍മാണം തുടങ്ങിയ ജലസേചന പദ്ധതി 1973-ലാണ് ഭാഗികമായി കമ്മിഷന്‍ ചെയ്തത്. 1993-ല്‍ പൂര്‍ണമായി ജലവിതരണം തുടങ്ങി. 1974-ല്‍ തന്നെ ഡാമിന്റെ ബലക്ഷയത്തെപ്പറ്റി പഠിക്കാന്‍ സര്‍ക്കാര്‍ ചീഫ് എന്‍ജിനീയര്‍മാരടങ്ങുന്ന കമ്മിറ്റിയെ നിശ്ചയിച്ചിരുന്നു. അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡാമില്‍ സംഭരിക്കാവുന്ന വെള്ളത്തിന്റെ പരമാവധി അളവ് 44.41 മീറ്ററില്‍ നിന്ന് 43.51 മീറ്ററായി പുനര്‍നിശ്ചയിക്കുകയുമുണ്ടായി. 170.69 മീറ്റര്‍ നീളമുള്ള അണക്കെട്ടാണ് പെരുവണ്ണാമൂഴിയിലേത്. 120.52 ദശലക്ഷം ക്യുബിക് മീറ്റര്‍ വെള്ളം സംഭരിക്കാനുള്ള ശേഷി റിസര്‍വോയറിനുണ്ട്. ജപ്പാന്‍ കുടിവെള്ള പദ്ധതിക്കായി ഡാമില്‍ നിന്ന് ഇപ്പോള്‍ വെള്ളം കൊണ്ടുപോകുന്നുണ്ട്. പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതിക്കും ഇനി വെള്ളം വേണം. ഇതിനാല്‍ ആദ്യം നിശ്ചയിച്ച ഉയരത്തില്‍ തന്നെ വെള്ളം സംഭരിച്ചാലാണ് കാര്യങ്ങള്‍ ശരിയായി നടത്താനാകുക.