പേരാമ്പ്രയുൾപ്പെടെ സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന് പുതിയ 10 ഉപജില്ലാ ഓഫീസുകൾ സ്ഥാപിക്കാൻ അനുമതി


തിരുവനന്തപുരം: കേരളത്തിലെ ഒ.ബി.സി./മതന്യൂനപക്ഷ വിഭാഗങ്ങളുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ ഉള്‍പ്പെടെ  10 പുതിയ ഉപജില്ലാ ഓഫീസുകള്‍ കൂടി ആരംഭിക്കുന്നതിന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. ഈ ഓഫീസുകള്‍ ആരംഭിക്കുന്നതിലേയ്ക്കായി 40 പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിനും സര്‍ക്കാര്‍ അനുമതി നല്‍കി.



തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര, കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, പത്തനാപുരം, ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, ഇടുക്കി ജില്ലയിലെ ദേവികുളം, എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, പാലക്കാട് ജില്ലയിലെ വടക്കുംചേരി, കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ്, കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് എന്നിവയാണ് പുതുതായി ആരംഭിക്കുന്ന ഓഫീസുകള്‍. നിലവില്‍ കോര്‍പ്പറേഷന് 14 ജില്ലാ ഓഫീസുകളും, വര്‍ക്കല, ഹരിപ്പാട്, ചേലക്കര, പട്ടാമ്പി, വണ്ടൂര്‍, തിരൂര്‍ എന്നീ 6 ഉപജില്ലാ  ഓഫീസുകളുമാണ് ഉള്ളത്.

വളരെ കുറഞ്ഞ പലിശ നിരക്കിലും, ലളിതമായ വ്യവസ്ഥയിലും സ്വയം തൊഴില്‍, വിദ്യാഭ്യാസം, പ്രവാസികള്‍ക്കും പ്രൊഫഷണലുകള്‍ക്കുംവേണ്ടിയുള്ള പ്രത്യേക സ്വയം തൊഴില്‍ വായ്പാ പദ്ധതികള്‍, ഗൃഹനിര്‍മ്മാണം, പെണ്‍കുട്ടികളുടെ വിവാഹം തുടങ്ങി വൈവിദ്ധ്യങ്ങളായ വായ്പാ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കി വരുന്ന കോര്‍പ്പറേഷന്‍ നാളിതുവരെ 4.90 ലക്ഷം ഗുണഭോക്താക്തൃ കുടുംബങ്ങള്‍ക്ക് 3050 കോടി രൂപയുടെ വായ്പാ വിതരണം ചെയ്തിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം 450 കോടി രൂപയുടെ വായ്പാ വിതരണമാണ് ലക്ഷ്യമിട്ടിരിക്കുന്നത്.


കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


മെച്ചപ്പെട്ട ഗുണഭോക്തൃ സേവനം, കാര്യക്ഷമമായ പ്രവര്‍ത്തനം, സമ്പൂര്‍ണ്ണ ഓണ്‍ലൈന്‍ സംവിധാനം, സമാന സ്ഥാപനങ്ങളുമായ താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കുറഞ്ഞ നിഷ്‌ക്രിയാസ്ഥിയും, ഏറ്റവും ഉയര്‍ന്ന തിരിച്ചവ് ശതമാനവും എന്നിവ പരിഗണിച്ച് 14 ദേശീയ പുരസ്‌കാരങ്ങള്‍ കൈവരിക്കുന്നതിന് കോര്‍പ്പറേഷന് സാധിച്ചിട്ടുണ്ട്. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍ കോര്‍പ്പറേഷന്‍ 6-ാം സ്ഥാനത്താണ്. പുതിയതായി 10 ഓഫീസുകള്‍ കൂടി ആരംഭിക്കുന്നതോടെ കോര്‍പ്പറേഷന്റെ സേവനം ഗുണഭോക്താക്കള്‍ക്ക് കൂടുതല്‍ പ്രയോജനകരവും, സമീപസ്ഥവും ആകുന്നതോടൊപ്പം വായ്പാ വിതരണം ഗണ്യമായി വര്‍ദ്ധിക്കുന്നതിനും ഇടയാക്കുന്നതാണ്. ഈ ഓഫീസുകള്‍ 2019 മാര്‍ച്ച് മാസത്തോടെ പ്രവര്‍ത്തനക്ഷമമാകുന്നതാണ്.

Post a Comment

0 Comments