കോഴിക്കോട്ട് വീണ്ടും വോളിബോൾ ചാംപ്യൻഷിപ്പ്കോഴിക്കോട്:കേരളത്തിന്റെ വോളിബോൾ ഹൃദയം വീണ്ടും കോഴിക്കോട്ടേക്കെത്തുന്നു. പന്തിനൊപ്പം അന്തരീക്ഷത്തിലേക്കുയരുന്ന ആരവങ്ങളുമായി 17 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ദേശീയ സീനിയർ വോളിക്ക് നഗരം വീണ്ടും വേദിയാകുന്നത്. 21 മുതൽ 28 വരെ സ്വപ്നനഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്ററിലും വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിലുമായാണു മൽസരങ്ങൾ.

28 പുരുഷ ടീമുകളും, 26 വനിതാ ടീമുകളും പങ്കെടുക്കുന്ന ചാംപ്യൻഷിപ് സംഘടിപ്പിക്കുന്നത് വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയും സംസ്ഥാന വോളിബോൾ അസോസിയേഷനും ചേർന്നാണ്. ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിനെ ഈ ചാംപ്യൻഷിപിൽനിന്നു തിരഞ്ഞെടുക്കും. കാലിക്കറ്റ് ട്രേഡ് സെന്ററിലെ ശീതീകരിച്ച ഇൻഡോർ സ്റ്റേഡിയത്തിൽ 10,000 പേർക്ക് ഇരിക്കാനുള്ള സൗകര്യം ഒരുക്കും.

എട്ടാംതവണയാണ് ദേശീയ സീനിയർ വോളിക്ക് സംസ്ഥാനം ആതിഥ്യം വഹിക്കുന്നത്. കോഴിക്കോട്ടു മൂന്നുതവണ നടന്നിട്ടുണ്ട്. ഇക്കുറി ഗോകുലം ഗ്രൂപ്പാണ് മുഖ്യസ്പോൺസർ. ഉദ്ഘാടനം 20ന് വൈകിട്ട് നടക്കുമെന്ന് വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ ജോയിന്റ് സെക്രട്ടറി പ്രഫ. നാലകത്ത് ബഷീർ അറിയിച്ചു. ചാംപ്യൻഷിപിനോടനുബന്ധിച്ച് 26ന് മുൻതാരങ്ങളെ ആദരിക്കുന്ന ചടങ്ങുമുണ്ട്. ടൂർണമെന്റ് ലോഗോ ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ പ്രകാശനം ചെയ്തു. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി.പി. ദാസൻ ഏറ്റുവാങ്ങി. ചാംപ്യൻഷിപിന്റെ പ്രമോ വിഡിയോ ഒ. രാജഗോപാലും പ്രകാശനം ചെയ്തു.

ദീപശിഖാ പ്രയാണം  17 മുതൽ 

ചാംപ്യൻഷിപിന്റെ പ്രചാരണാർഥമുള്ള ദീപശിഖാ പ്രയാണം 17 മുതൽ 20 വരെ കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം ജില്ലകളിലൂടെ നടക്കും. അർജുന അവാർഡ് ജേതാവും രാജ്യാന്തര വോളിബോൾ താരവുമായ കെ.സി. ഏലമ്മ നേതൃത്വം നൽകും. 17ന് രാവിലെ 10ന് മുൻ ഇന്ത്യൻ കോച്ച് എ. അച്യുതക്കുറുപ്പിന്റെ വെള്ളിക്കുളങ്ങരയിലെ സ്മൃതി മണ്ഡപത്തിൽനിന്ന് ആരംഭിക്കും. 20ന് സ്വപ്നനഗരിയിലെ വേദിയിൽ സമാപിക്കും. 

മത്സരങ്ങൾ  

21 മുതൽ 25 വരെ രാവിലെ 7.30 മുതൽ രാത്രി 10 വരെ ട്രേഡ് സെന്ററിലും ഇൻഡോർ സ്റ്റേഡിയത്തിലുമായി മൽസരങ്ങൾ നടക്കും. 26, 27 തീയതികളിലെ സെമി ഫൈനലുകളും 28ലെ ഫൈനലുകളും കാലിക്കറ്റ് ട്രേ‍ഡ് സെന്ററിലാണ് നടക്കുന്നത്. 

ടിക്കറ്റ് വിൽപന

10,000 രൂപയുടെ ഡോണർ ടിക്കറ്റും, 1000 രൂപയുടെ സീസൺ ടിക്കറ്റും 200 രൂപയുടെ ദിവസേനയുള്ള ചെയർപാസുമാണുള്ളത്. എല്ലാ ജില്ലാ വോളിബോൾ അസോസിയേഷൻ‍ ഓഫിസുകളിലും കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ ശാഖകളിലും ടിക്കറ്റുകൾ ലഭിക്കും. കല്ലായി റോഡ് ആരാധനാ ടൂറിസ്റ്റ് ഹോമിലെ ചാംപ്യൻഷിപ് ഓഫിസിലും ടിക്കറ്റ് വിതരണമുണ്ട്. ഇൻഡോർ സ്റ്റേഡിയത്തിലെ ഉച്ചവരെയുള്ള മൽസരങ്ങൾ കാണികൾക്ക് സൗജന്യമായി കാണാൻ അവസരമുണ്ട്. 

 പ്രചാരണ മത്സരങ്ങൾ 

ചാംപ്യൻഷിപിനു മുന്നോടിയായി 17ന് വൈകിട്ട് നാലിനു ട്രേഡ് സെന്ററിൽ നടക്കുന്ന സെലിബ്രിറ്റി മൽസരത്തിൽ കോഴിക്കോട്, കണ്ണൂർ പ്രസ് ക്ലബുകൾ ഏറ്റുമുട്ടും. മൽസരത്തിൽ പങ്കെടുക്കാൻ ടോം ജോസഫടക്കമുള്ള പ്രമുഖ താരങ്ങളുമെത്തും. ഇതിനുശേഷം വെറ്ററൻസ് വനിതകൾക്കായുള്ള മൽസരവും നടക്കും. 19ന് ഇന്റർകൊളീജിയറ്റ് പ്രൈസ് മണി ടൂർണമെന്റും നടക്കും. 

 കേരളടീമുകൾ  പരിശീലനത്തിൽ 

ചാംപ്യൻഷിപിനുള്ള കേരള പുരുഷ, വനിതാ ടീമുകൾ ഇൻഡോർ സ്റ്റേഡിയത്തിൽ പരിശീലനം നടത്തിവരികയാണ്. പുരുഷടീമിന്റെ മുഖ്യപരിശീലകൻ അബ്ദുൽ നാസറും മാനേജർ കെ.പി. രവീന്ദ്രൻ നായരുമാണ്. വനിതകളുടെ പരിശീലകൻ സണ്ണി ജോസഫ്, മാനേജർ കെ.സി. ഏലമ്മ. 

സർവീസ് മഴ 

ദേശീയ വോളിബോൾ ചാംപ്യൻഷിപിന്റെ പ്രചാരണത്തിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നു മുതൽ 20വരെ ആർക്കും പങ്കെടുക്കാവുന്ന ‘സർവീസ് മഴ’ സംഘടിപ്പിക്കുമെന്ന് ഓർഗനൈസിങ് സെക്രട്ടറി സി. സത്യൻ അറിയിച്ചു. 

വോളിബോൾ കോർട്ടിലെത്തി സർവീസുകൾ ചെയ്യുന്നതാണ് പരിപാടി. ജില്ലാ വോളിബോൾ അസോസിയേഷൻ സെക്രട്ടറിമാർ ഇതിനു നേതൃത്വം നൽകും.  സ്കൂളുകളിലും കോളജുകളിലും ക്ലബുകളിലും സർവീസ് മഴ നടക്കും. 

കാലിക്കറ്റ് എക്സ്പോ 

ചാംപ്യൻഷിപിനോടനുബന്ധിച്ച് കാലിക്കറ്റ് ട്രേഡ് സെന്ററിൽ എമറാൾഡ് ഗ്രൂപ്പും നാഷനൽ യൂത്ത് പ്രമോഷൻ കൗൺസിലും ചേർന്ന് കാലിക്കറ്റ് എക്സ്പോ സംഘടിപ്പിക്കും. 

20 മുതൽ മാർച്ച് നാലുവരെയുള്ള പരിപാടിയിൽ സ്പോർട്സ് എക്സ്പോ, ഓട്ടോ എക്സ്പോ, ബിസിനസ് എക്സ്പോ, വിദ്യാഭ്യാസ മേള, പുഷ്പമേള, ഭക്ഷ്യമേള, മറ്റുവിനോദ പരിപാടികൾ എന്നിവയുണ്ടാകും.

"കോഴിക്കോട്ടു നടക്കുന്ന ദേശീയ സീനിയർ ചാംപ്യൻഷിപ് കേരളത്തിലെയും പ്രത്യേകിച്ച് മലബാറിലെയും വോളിബോളിന്റെ വളർച്ചയ്ക്കു കാരണമാകും. എന്റെ ആദ്യ സീനിയർ നാഷനൽ മൽസരം കോഴിക്കോട്ടുതന്നെയായിരുന്നു. 2000ൽ നടന്ന ആ ചാംപ്യൻഷിപ് കേരളത്തിലെ വോളിബോളിനു വലിയ ഉണർവാണുണ്ടാക്കിയത്. ഇത്തവണയും കാണികളായി ഒട്ടേറെപ്പേരെത്തുമെന്നാണു പ്രതീക്ഷ". 

ടോം ജോസഫ്, രാജ്യാന്തര താരം