കോഴിക്കോട് ജില്ലയിൽ മൂന്ന് ഓട്ടിസം കേന്ദ്രങ്ങൾ കൂടി സ്ഥാപിക്കുന്നു

Photo credit:Shutterstock



കോഴിക്കോട്:ജില്ലയിലെ 15 ബ്ലോക്ക് റിസോഴ്സ് സെന്ററുകളിലും കോഴിക്കോട് എസ്എസ്എയുടെ കീഴിൽ‌ ഓട്ടിസം സെന്ററുകൾ‌ വരുന്നു. ഇതോടെ സംസ്ഥാനത്തെ എസ്എസ്എകളിൽ ഏറ്റവുമധികം ഓട്ടിസം സെന്ററുകൾ പരിപാലിക്കുന്ന എസ്എസ്എയാകും കോഴിക്കോട്. നേരത്തെ സംസ്ഥാനത്ത് ആകെ 36 ഓട്ടിസം സെന്ററുകൾ പ്രവർത്തിച്ചിരുന്നതിൽ ആറെണ്ണം കോഴിക്കോട്ടായിരുന്നു. അതു പിന്നീട് 12 ആയി ഉയർന്നു. ഓട്ടിസം ദിനമായ ഏപ്രിൽ രണ്ടിനു ജില്ലയിൽ മൂന്ന് ഓട്ടിസം സെന്ററുകൾ കൂടി പ്രവർത്തനം തുടങ്ങും. ഇതോടെ ജില്ലയിൽ മാത്രം ഓട്ടിസം സെന്ററുകളുടെ എണ്ണം 15 ആയി ഉയരും.

വടകര, കുന്നുമ്മൽ, പേരാമ്പ്ര, കൊടുവള്ളി, മാവൂർ, നടക്കാവ് എന്നീ ആറു ബ്ലോക്ക് റിസോഴ്സ് സെന്ററുകളിലാണു നേരത്തെ ഓട്ടിസം സെന്ററുകൾ ഉള്ളത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ബാലുശേരി, മേലടി, തൂണേരി, കുന്നമംഗലം, ഫറോക്ക്, ചേളന്നൂർ ബ്ലോക്ക് റിസോഴ്സ് സെന്ററുകളിലും സെന്റർ ആരംഭിച്ചു. പുതുതായി തോടന്നൂർ, യുആർസി സൗത്ത്, പന്തലായനി എന്നിവിടങ്ങളിൽക്കൂടി ഓട്ടിസം ദിനത്തിൽ സെന്ററുകൾ തുടങ്ങാനുള്ള നടപടി പൂർത്തിയായി വരികയാണെന്നു ജില്ലാ പ്രോഗ്രാം ഓഫിസർ എ.കെ. അബ്ദുൽ ഹക്കിം പറഞ്ഞു.

മുഴുവൻ സെന്ററുകളിലും ഓട്ടിസത്തിൽ പ്രത്യേക പരിശീലനം നേടിയ റിസോഴ്സ് അധ്യാപകരെ നിയമിച്ചിട്ടുണ്ട്. വിവിധ തരത്തിലുള്ള തെറപ്പികൾക്കുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വ്യക്തിഗത പരിശീലനം, ഗ്രൂപ്പ് പരിശീലനം, സെൻസറി പരിശീലനം, ഒക്യുപേഷണൽ തെറപ്പി, സ്പീച്ച് തെറപ്പി, സർഗസാധനകളെ വികസിപ്പിക്കാനുള്ള സാംസ്കാരിക പരിപാടി, ഓട്ടിസം മേഖലയിലെ വിദഗ്ധരെ പങ്കെടുപ്പിച്ചു രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്, ഓട്ടിസം സൗഹൃദ ക്യാംപ് എന്നിവയെല്ലാം സെന്ററുകളിൽ ഒരുക്കിയിട്ടുണ്ട്.

എംഎൽഎമാരുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണു കെട്ടിടങ്ങളും ഭൗതിക സൗകര്യങ്ങളും കണ്ടെത്തിയത്. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണം, പിന്തുണ സംവിധാനമൊരുക്കൽ എന്നിവയും പ്രധാന സംഗതിയാണ്. ഇതിനുള്ള വിവിധ പ്രവർത്തനങ്ങളും നടന്നുവരികയാണ്. ഓട്ടിസം ദിന ജില്ലാതല പരിപാടികൾ കലക്ടർ യു.വി. ജോസ് ഉദ്ഘാടനം ചെയ്യും. 15 ബിആർസി കളിലും വിവിധ പരിപാടികൾ നടക്കും. കുട്ടികളുടെ കലാപരിപാടികൾ, ബോധവൽക്കരണ റാലികൾ, സിനിമാ പ്രദർശനം എന്നിങ്ങനെ വിവിധ പരിപാടികളും നടക്കും.