നടപ്പു സാമ്പത്തിക വർഷം ജില്ലയിൽ ബാങ്കുകൾ വായ്പയായി നൽകിയത് 9,512 കോടി രൂപ


കോഴിക്കോട്:നടപ്പു സാമ്പത്തിക വർഷത്തിന്റെ മൂന്നാംപാദത്തിൽ ജില്ലയിലെ ബാങ്കുകൾ ആകെ 9,512 കോടി രൂപ വായ്പയായി വിതരണം ചെയ്തതായും ഇതു വാർഷിക ലക്ഷ്യത്തിന്റെ 62 % ആണെന്നും ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗത്തിൽ വ്യക്തമാക്കി. 2017–18 സാമ്പത്തികവർഷത്തിന്റെ 2017 ഡിസംബർ 31ന് അവസാനിച്ച മൂന്നാംപാദത്തിൽ കാർഷിക മേഖലയ്ക്ക് 3,636 കോടി രൂപയും, വ്യാവസായിക ആവശ്യത്തിന് 920 കോടി രൂപയും, മറ്റു മുൻഗണനാ വിഭാഗത്തിന് 1,658 കോടി രൂപയും, മുൻഗണനാ വിഭാഗത്തിൽ പെട്ടവർക്ക് 3,298 കോടി രൂപയും വായ്പയായി വിതരണം ചെയ്തു.

ഈ കാലയളവിൽ ജില്ലയിലെ ബാങ്കുകൾ 684 വിദ്യാർഥികൾക്കായി 33 കോടി രൂപ വിദ്യാഭ്യാസ വായ്പയും അനുവദിച്ചു. 2017–18 സാമ്പത്തികവർഷത്തിന്റെ 2017 ഡിസംബർ 31ന് അവസാനിച്ച മൂന്നാംപാദത്തിന്റെ അവലോകനയോഗം ജോർജ് എം. തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കലക്ടർ യു.വി. ജോസ്, എംഎൽഎമാരായ എ. പ്രദീപ്കുമാർ, പുരുഷൻ കടലുണ്ടി, ആർബിഐ എജിഎം സി. ജോസഫ്, കാനറ ബാങ്ക് ഡിവിഷനൽ മാനേജർ ടി.സി. പവിത്രൻ, ലീഡ് ബാങ്ക് മാനേജർ പി.എം. സുനിൽ എന്നിവർ പ്രസംഗിച്ചു.