ന്യൂഡല്‍ഹി: കേരള-കര്‍ണാടക അതിര്‍ത്തിയില്‍ ബന്ദിപ്പുര്‍ വനത്തിലൂടെ രാത്രിയാത്രാനിരോധനത്തിനു പരിഹാരമാവുന്നു. പാതയിലെ വനത്തിലെ വഴിയില്‍, ഏറ്റവും മര്‍മപ്രധാനമായ ഭാഗത്ത് മേല്‍പ്പാത (എലിവേറ്റഡ് ഹൈവേ) നിര്‍മിക്കാമെന്നാണ് പുതിയ നിര്‍ദേശം.വന്യമൃഗങ്ങളുടെ സ്വൈരവിഹാരത്തിനു തടസ്സമുണ്ടാകാതിരിക്കാന്‍ കര്‍ണാടക ഹൈക്കോടതിയാണ് ഇതുവഴിയുള്ള രാത്രിയാത്ര തടഞ്ഞത്. ഇതുസംബന്ധിച്ച തര്‍ക്കം സുപ്രീംകോടതിയുടെ അന്തിമപരിഗണനയിലാണ്. ഇതേത്തുടര്‍ന്നാണ് പ്രശ്‌നപരിഹാരമെന്ന നിലയില്‍ പുതിയ നിര്‍ദേശമുയര്‍ന്നത്.കേരളവും കര്‍ണാടകവും തമ്മിലുള്ള തര്‍ക്കത്തിനു പരിഹാരം കാണാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടതുപ്രകാരം രൂപവത്കരിച്ച ഉന്നതസമിതിയുടേതാണ് നിര്‍ദേശം.
ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയും നടത്തിയ കൂടിക്കാഴ്ചയില്‍, ഉന്നതസമിതിയുടെ അധ്യക്ഷന്‍കൂടിയായ കേന്ദ്രഗതാഗത സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. ചെലവേറിയതാണെങ്കിലും പ്രശ്‌നം പരിഹരിക്കാന്‍ മേല്‍പ്പാത നിർമിച്ചുകൂടെയെന്ന് കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി അഭിപ്രായപ്പെട്ടു. നിര്‍ദേശം സ്വാഗതാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി. ഇക്കാര്യത്തില്‍ എന്തുചെയ്യാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണ്. വനത്തിലെ രാത്രിയാത്രാ നിരോധനംമൂലം ഏറെ ബുദ്ധിമുട്ടുന്നത് മലയാളികളാണ്. പുതിയ നിര്‍ദേശം വിശദമായി ചര്‍ച്ചചെയ്യാന്‍ കേരളം ഒരുക്കമാണ്. ഇതിനായി കേന്ദ്രം ഇരുസംസ്ഥാനങ്ങളെയും പ്രത്യേകം ചര്‍ച്ചയ്ക്കു വിളിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.മൈസൂര്‍-ബന്ദിപ്പുര്‍-വയനാട് പാതയില്‍ (ദേശീയപാത 212) 28 കിലോമീറ്ററാണ് വന്യമൃഗ സങ്കേതത്തിലൂടെ കടന്നുപോകുന്നത്. ഇതില്‍ 8-10 കിലോമീറ്റർ പ്രദേശത്താണ് കാട്ടുമൃഗങ്ങളുടെ സാന്നിധ്യം ഏറ്റവും കൂടുതല്‍. ഈ ഭാഗത്ത് മേല്‍പ്പാലം പണിയാമെന്ന നിര്‍ദേശമാണ് ഉന്നതസമിതി മുന്നോട്ടുവെക്കുന്നത്.ഗതാഗത സെക്രട്ടറിക്കു പുറമേ കേരളം, കര്‍ണാടകം, തമിഴ്‌നാട് ചീഫ് സെക്രട്ടറിമാര്‍, വനം മന്ത്രാലയത്തിന്റെ പ്രതിനിധി എന്നിവരാണ് ഉന്നതസമിതിയിലുള്ളത്. സുപ്രീംകോടതി നിര്‍ദേശിച്ചതുപ്രകാരം സമിതി ഈ മാസം ആദ്യം ബെംഗളൂരുവില്‍ യോഗം ചേരുകയും ബന്ദിപ്പുര്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഈസമയം പരിസ്ഥിതിപ്രവര്‍ത്തകരും വിവിധ കന്നഡസംഘടനകളും പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു. നിരോധനത്തില്‍ ഇളവു ചെയ്യാന്‍ പറ്റില്ലെന്നാണ് കര്‍ണാടകയുടെ നിലപാട്. 75 കോടി രൂപ ചെലവില്‍ കുട്ട-ഗോണിക്കുപ്പ വഴി ബദല്‍ റോഡ് നിര്‍മിച്ചിട്ടുണ്ടെന്നും അതു പയോഗപ്പെടുത്തണമെന്നുമാണ് കര്‍ണാടകത്തിന്റെ ആവശ്യം.2010 മാര്‍ച്ച് ഒൻപതിനാണ് കര്‍ണാടക ഹൈക്കോടതി ബന്ദിപ്പുര്‍ വഴിയുള്ള രാത്രിയാത്ര നിരോധിച്ചത്. ഗുണ്ടല്‍പേട്ട-ഊട്ടി ദേശീയപാതയിലും രാത്രിയാത്ര നിരോധനമുണ്ട്. രാത്രി 9 മുതല്‍ രാവിലെ 6 വരെയാണ് നിരോധനം. ഹൈക്കോടതി ഉത്തരവിനെതിരേ കേരളം സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയിലാണ്, സമവായ ശ്രമമെന്ന നിലയ്ക്കാണ് സുപ്രീംകോടതി ഉന്നതസമിതി രൂപവത്കരിച്ചത്. മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടത്.
0 Comments