ബി.സി. റോഡ് പുനര്‍നിര്‍മാണം; നാലുവരിപ്പാതയായി നിർമിക്കാനും പദ്ധതി



കോഴിക്കോട്: ദേശീയപാതയില്‍നിന്ന് ബേപ്പൂരിലേക്കുള്ള എളുപ്പമാര്‍ഗമായ ബി.സി. റോഡിന്റെ പുനര്‍നിര്‍മാണം തുടങ്ങി. കുണ്ടുംകുഴിയും നിറഞ്ഞ് ഗതാഗതം ദുസ്സഹമായ റോഡ് പൂര്‍ണമായും പൊളിച്ച് ടാര്‍ ചെയ്യുന്ന പ്രവൃത്തിക്കാണ് വെള്ളിയാഴ്ച തുടക്കമിട്ടത്. ബേപ്പൂര്‍ മെയിന്‍ റോഡില്‍നിന്ന് ചെറുവണ്ണൂര്‍ ജങ്ഷന്‍വരെ രണ്ടര കിലോമീറ്റര്‍ നീളത്തിലും നാലര മീറ്റര്‍ വീതിയിലുമാണ് റോഡ് നിര്‍മിക്കുന്നത്. മേയ് അവസാനത്തോടെ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം. ബി.സി. റോഡ് നാലുവരിപ്പാതയാക്കാന്‍ 152 കോടി രൂപയുടെ പദ്ധതിയും പരിഗണനയിലാണ്. റോഡ് നിര്‍മാണത്തിന്റെ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. പരിസ്ഥിതി പഠനവും അതിര്‍ത്തിനിര്‍ണയവും പൂര്‍ത്തിയായതോടെ പദ്ധതിയുടെ എസ്റ്റിമേറ്റ് പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ക്ക് അയച്ചിരിക്കുകയാണ്. ചീഫ് എന്‍ജിനീയറുടെ അനുമതിക്കുശേഷം കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിന്റെ അന്തിമപരിഗണനയ്ക്ക് അയയ്ക്കും. തുക ലഭിക്കുന്നതോടെ റോഡിനാവശ്യമായ സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കും. ബി.സി. റോഡ് പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി ഗതാഗതം നിരോധിച്ചിട്ടുണ്ടെങ്കിലും ഘട്ടംഘട്ടമായി വാഹനങ്ങള്‍ക്ക് പ്രവേശനം നല്‍കാന്‍ അധികൃതര്‍ സൗകര്യമൊരുക്കുന്നുണ്ട്.

Credit: mathrubhumi news