ബേപ്പൂർ തുറമുഖത്ത് പുതിയ വാർഫ്: സാധ്യതാ പഠന റിപ്പോർട്ട് സമർപ്പിച്ചു


കോഴിക്കോട്:ബേപ്പൂർ തുറമുഖത്ത് പുതിയ വാർഫ് നിർമിക്കുന്നതു സംബന്ധിച്ചു സാധ്യതാ പഠനം നടത്തിയ ചെന്നൈ ഐഐടി വിദഗ്ധ സംഘം പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. 200 മീറ്റർ നീളത്തിൽ 20 മീറ്റർ വീതിയിൽ പുതിയ ആർസിസി വാർഫ് നിർമിക്കാനാണ് നിർദേശം. റിപ്പോർട്ട്  കൂടുതൽ പരിശോധനയ്ക്കായ് ഹാർബർ എൻജിനീയറിങ് വകുപ്പിനു കൈമാറി.തുറമുഖത്തെ അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം നിലവിലെ പുതിയ വാർഫിൽ രൂക്ഷമായ തിരതള്ളലിനു പരിഹാരവും ലക്ഷ്യമിട്ടാണ് തുറമുഖ വകുപ്പ് ചെന്നൈ ഐഐടിയുടെ സേവനം തേടിയത്. ഐഐടി ഓഷൻ എൻജിനീയറിങ് വിഭാഗം മേധാവി പ്രഫ.സുന്ദര വടിവേലുവിന്റെ നേതൃത്വത്തിലുള്ള സംഘം ശാസ്ത്രീയ പഠനം നടത്തിയാണ് റിപ്പോർട്ട് തയാറാക്കിയത്.

നിലവിലെ പുതിയ വാർഫിന്റെ അറ്റം മുതൽ ബീച്ച് കവാടം വരെ നദീതീരത്ത് വാർഫ് നിർമിക്കാനാണ് ശുപാർശ. 100 കോടി രൂപയാണ് പ്രതീക്ഷിത ചെലവ് കണക്കാക്കിയിരിക്കുന്നത്. ഇതു നിർമിക്കുക വഴി പുതിയ വാർഫിലെ തിരതള്ളൽ പരിധിവരെ ഒഴിവാക്കാനാകുമെന്നാണ് കണ്ടെത്തൽ. പുതിയ വാർഫിനോടു ചേർന്നു 20 മീറ്റർ പുഴയിലേക്ക് തള്ളിയാണ് വാർഫിന്റെ കരട് രൂപം.

ഇതു യാഥാർഥ്യമാകുമ്പോൾ ജങ്കാർ ജെട്ടിയും ബീച്ചിലേക്കുള്ള റോഡും മാറ്റി സ്ഥാപിക്കേണ്ടി വരും. ബീച്ചിലേക്ക് പോകുന്ന റോഡ് വാർഫിലേക്ക് ഉൾപെടുമെന്നതിനാൽ സമീപത്തെ തുറമുഖ വകുപ്പ് ഭൂമി പ്രയോജനപ്പെടുത്തി പുതിയ പാതയൊരുക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. റിപ്പോർട്ട് പരിശോധിച്ച ഹാർബർ എൻജിനീയറിങ് വകുപ്പ് ചില പ്രായോഗിക മാറ്റങ്ങൾ നിർദേശിച്ചിട്ടുണ്ട്.രണ്ടു വാർഫുകളായി നിലവിൽ 310 മീറ്റർ നീളത്തിലാണ് ബേപ്പൂർ തുറമുഖത്ത് വാർഫുള്ളത്.

ഇതിൽ പഴയ വാർഫ് എക്കാലത്തും ഉപയോഗപ്രദമാണെങ്കിലും 2002ൽ പണിത പുതിയ വാർഫിൽ തിരതള്ളൽ ശക്തമാണ്. കടലിളക്കമുണ്ടാകുമ്പോൾ വാർഫിൽ കപ്പലുകൾ നിർത്തിയിടാൻ പറ്റാത്ത അവസ്ഥയാണ്. ബീച്ചിലെ മറീന ജെട്ടി മുതൽ പുതിയ വാർഫും ചെറിയ പുലിമുട്ടും നിർമിച്ചാൽ തിരയടി ഒഴിവാക്കാനാകുമെന്നു വിദഗ്ധാഭിപ്രായമുണ്ടായി. ഇതുപരിഗണിച്ചാണ് ശാസ്ത്രീയ പഠനം നടത്തി തുറമുഖ വാർഫ് നീളം കൂട്ടാൻ അധികൃതർ പദ്ധതിയൊരുക്കിയത്.തുറമുഖത്തോടു ചേർന്ന  ഭൂമിയിൽ 200 മീറ്റർ വാർഫ് പണിയുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതുസംബന്ധിച്ചു ഹാർബർ എൻജിനീയറിങ് വകുപ്പ് പ്രാഥമിക റിപ്പോർട്ട് സർക്കാറിനു സമർപ്പിച്ചിട്ടുണ്ട്. പുതിയ വാർഫുകൾ സജ്ജമാകുന്നതോടെ തുറമുഖത്ത് ആകെ 710 മീറ്ററിൽ വാർഫ് സൗകര്യം ഒരുക്കാനാകുമെന്ന് പോർട്ട് ഓഫിസർ ക്യാപ്റ്റൻ കെ. അശ്വനി പ്രതാപ് പറഞ്ഞു.

Post a Comment

0 Comments