ചുരം ബൈപ്പാസ്: ചിപ്പിലിത്തോട്–മരുതിലാവ്–തളിപ്പുഴ വയനാട് പാതയുടെ സാധ്യത വർധിപ്പിച്ച് കലക്ടറുടെ സന്ദർശനം


കോഴിക്കോട്:താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമായി ചിപ്പിലിത്തോട്–മരുതിലാവ്–തളിപ്പുഴ വയനാട് പാത ചുരം ബൈപാസ് ആയി കേന്ദ്ര സർക്കാരിന്റെ ഭാരത്‌മാല പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കാൻ ആലോചന. പുതിയ പാത മലയും വനവും കടന്നു പോകേണ്ട ഭാഗങ്ങളിൽ തുരങ്കപാതയാണ് വിഭാവനം ചെയ്യുന്നത്.

നിർദിഷ്ട ചിപ്പിലിത്തോട് – മരുതിലാവ് – തളിപ്പുഴ വയനാട് ബദൽ റോഡ് നിർമാണം ലക്ഷ്യമിട്ടിരുന്നെങ്കിലും ബൈപാസ് നിർമാണമാണ് കാര്യങ്ങൾ വേഗത്തിൽ നടക്കാൻ വഴി തെളിക്കുക എന്ന നിഗമനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് പുതിയ നീക്കം. എംഎൽഎമാരായ സി.കെ. ശശീന്ദ്രൻ, ജോർജ് എം. തോമസ്, കലക്ടർ യു.വി. ജോസ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു. ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

റോഡ് നിർമാണവുമായി ബന്ധപ്പെട്ടു നടത്തിയ സാധ്യതാ പഠനങ്ങളും സർവേകളും ക്രോഡീകരിച്ച ശേഷം മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. ശേഷം കേന്ദ്രവുമായി ആലോചിച്ചു പദ്ധതി പ്രാവർത്തികമാക്കാനാണു പരിപാടി. സ്വകാര്യ സ്ഥലത്തുനിന്നു തുടങ്ങി വനവും മലയും കടന്നു സ്വകാര്യ സ്ഥലത്ത് അവസാനിക്കുന്ന നിലയിലായിരിക്കും നിർമാണം. സ്ഥലം വിട്ടുനൽകുന്ന വ്യക്തികൾക്കു നഷ്ടപരിഹാരം നൽകും.


16 ഹെക്ടർ സ്ഥലമാണു ബൈപാസിനായി വേണ്ടി വരിക. ഇതിൽ 12 ഹെക്ടറും വനഭൂമിയാണ്. റോഡ് നിർമാണവുമായി ബന്ധപ്പെട്ടു നടക്കുന്ന പരിസ്ഥിതി പഠനവും കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ നിബന്ധനകളും വനപാതയ്ക്ക് എതിരാകുമെന്നു കണ്ടാണ് തുരങ്ക പാതയെക്കുറിച്ച് ആലോചിക്കുന്നത്. കശ്മീർ, ജാർ‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ വനത്തിലൂടെ തുരങ്കപാത നിർമിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി, വയനാട് ജില്ലയിലെ വൈത്തിരി പഞ്ചായത്തുകളിലൂടെയാണു ബൈപാസ് കടന്നു പോവുക.

നിബിഡവനവും ഇഎഫ്എൽ ഭൂമിയായി വനം വകുപ്പ് ഏറ്റെടുത്ത സ്വകാര്യ എസ്റ്റേറ്റും ഉൾപ്പെടുന്ന 8.4 കിലോമീറ്റർ റോഡും വൈത്തിരി, കോടഞ്ചേരി, പുതുപ്പാടി പഞ്ചായത്ത് പരിധിയിലുള്ള 5.6 കിലോമീറ്റർ പഞ്ചായത്ത് റോഡും ഉൾപ്പെട്ടതായിരുന്നു ബദൽപാതയിലുണ്ടായിരുന്നത്. ഇഎഫ്എൽ ആയി വനം വകുപ്പ് ഏറ്റെടുത്ത ഭൂമി പുതിയ പദ്ധതിക്കു തടസ്സമാകാത്ത രീതിയിലായിരിക്കും നടപടികൾ പുരോഗമിക്കുക. വയനാട് ചുരത്തിൽ ഗതാഗതക്കുരുക്കോ മറ്റു തടസ്സങ്ങളോ ഉണ്ടായാൽ ബൈപാസിലൂടെ വാഹനങ്ങൾ കടത്തി വിടാൻ കഴിയും.

അല്ലാത്ത അവസരങ്ങളിൽ വയനാട് ചുരം വൺവേയായി മാറ്റാനും ബൈപാസ് സഹായകമാവും. 30 മീറ്റർ വീതിയിൽ റോഡ് നിർമാണത്തിനുള്ള ഭൂമി ഏറ്റെടുക്കലിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. കൽപറ്റയിൽ ബൈപാസ് എത്തിക്കുക എന്നതും ലക്ഷ്യമാണ്. ഇതിനായി വൈത്തിരിയിൽ നാലു കിലോ മീറ്ററും കൽപറ്റയിലേക്ക് ഒൻപതു കിലോമീറ്ററും ടണൽ നിർമാണം നടത്തേണ്ടി വരുമെന്നാണു കണക്കു കൂട്ടുന്നത്.

ചിപ്പിലിത്തോട്–മരുതിലാവ്–തളിപ്പുഴ വയനാട് ബദൽ റോഡിനു ഭൂമി ഏറ്റെടുക്കുന്നതിനായി 2006ൽ 80 ലക്ഷം രൂപ മാറ്റിവച്ചിരുന്നു. ഈ തുക മതിയാകില്ല എന്ന് അന്നേ അഭിപ്രായം ഉയർന്നിരുന്നു. ബൈപാസിലേക്കു കാര്യങ്ങൾ എത്തുമ്പോൾ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പണത്തിന്റെ കാര്യത്തിൽ തടസ്സങ്ങളുണ്ടാവില്ലെന്ന നിഗമനത്തിലാണ് എംഎൽഎമാരും കലക്ടറും. ഭാരത്‌മാല പദ്ധതിയിൽ വരുന്നതിനാൽ ആവശ്യമായ പണം ലഭിക്കുമെന്നാണു കരുതുന്നതെന്ന് ജോർജ് എം. തോമസ് എംഎൽ‍എ പറഞ്ഞു.

Post a Comment

0 Comments