സർവേ:തീരപ്രദേശങ്ങളിൽ വൻ കയ്യേറ്റം നടന്നതായി കണ്ടെത്തി


കോഴിക്കോട്:എലത്തൂർ മുതൽ കോതിവരെ ബീച്ചിൽ  നടത്തിയ സർവേയിൽ റവന്യു– തുറമുഖ വകുപ്പുകളുടെ സ്ഥലത്തു പരക്കെ കയ്യേറ്റമെന്നു തെളിഞ്ഞു. ഇരുവകുപ്പുകളും ചേർന്നു 10 ദിവസമായി നടത്തിവന്ന ഭൂസർവേയിലാണ് ഏക്കർകണക്കിന് സ്ഥലം അന്യാധീനപ്പെട്ടുപോയതായി കണ്ടെത്തിയത്. തുറമുഖവകുപ്പിന്റെ സ്ഥലമാണ് അധികവും കയ്യേറിയിരിക്കുന്നത്.

എലത്തൂർ, പുതിയങ്ങാടി വില്ലേജുകളിൽപ്പെട്ട കടൽത്തീരത്തുമാത്രം 150 കയ്യേറ്റങ്ങളെങ്കിലും കണ്ടെത്തിയിട്ടുണ്ട്. സ്വകാര്യ വ്യക്തികൾ, രാഷ്ട്രീയ, സമുദായ സംഘടനകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവയെല്ലാം സ്ഥലം അന്യായമായി കൈവശപ്പെടുത്തിയിരിക്കുന്നു. കയ്യേറിയ സ്ഥലങ്ങളിൽ ഒട്ടേറെ നിർമാണങ്ങളുമുണ്ട്.

നൂറോളം സ്ഥല ഉടമകൾക്ക് ഇതിനകം തുറമുഖവകുപ്പ് നോട്ടിസ് നൽകിക്കഴിഞ്ഞു.  ബാക്കിയുള്ളവർക്കും ഉടൻ നൽകും. രണ്ടുദിവസത്തിനുള്ളിൽ സർവേ കല്ലുകൾ സ്ഥാപിക്കുന്നതു പൂർത്തിയാകുമെന്ന് നടപടികൾക്കു നേതൃത്വം നൽകിയ ഭൂരേഖാ തഹസിൽദാർ ഇ. അനിതകുമാരി അറിയിച്ചു. സർവേ സ്കെച്ച് ഉടൻ തയാറാക്കി നൽകുകയും ചെയ്യും.

ബീച്ചിൽ കയ്യേറ്റം വ്യാപകമാണെന്ന പരാതിയെത്തുടർന്നാണ് എലത്തൂർ, പുതിയങ്ങാടി, കസബ, നഗരം വില്ലേജുകളിൽ സർവേ നടത്താൻ തുറമുഖവിഭാഗം റവന്യുവകുപ്പിന് കത്തുനൽകിയത്. പുതിയങ്ങാടി വില്ലേജിൽപ്പെടുന്ന വെള്ളയിൽ ബീച്ചിൽ മൂന്നുനിലക്കെട്ടിടം വരെ കയ്യേറ്റസ്ഥലത്ത് നിർമിച്ചിട്ടുണ്ട്.

മൂന്നു സെന്റിനു പട്ടയം ലഭിച്ചിട്ടുള്ളവർ 10 സെന്റുവരെയാക്കി സ്വന്തം സ്ഥലം വികസിപ്പിച്ചതായും സർവേയിൽ തെളിഞ്ഞു. വീടിന്റെ ഭാഗങ്ങൾ കയ്യേറ്റഭൂമിയിലേക്ക് ദീർഘിപ്പിച്ചിട്ടുമുണ്ട്. കയ്യേറ്റങ്ങൾ പൂർണമായും ഒഴിപ്പിക്കാനുള്ള നടപടികളുടെ ആദ്യഘട്ടമായാണു സർവേ നടത്തിയത്.  സർവേയർമാരായ എം. രാജേഷ്, കെ.ഇ. സലീം എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ.

Post a Comment

0 Comments