കോഴിക്കോട്: കൊടുവള്ളിയിലും പരിസരപ്രദേശങ്ങളിലും മഞ്ഞപ്പിത്തരോഗം വ്യാപകമായതിനെ ത്തുടര്‍ന്ന് നഗരസഭ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി. നഗരസഭാ സെക്രട്ടറി പി. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.പി. മുഹമ്മദലി, അശ്‌റഫ്, കൊടുവള്ളി സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഇന്‍സ്‌പെക്ടര്‍ സനീന മജീദ്, ജെ.എച്ച്. ഐ.മാരായ എം. ജില, സോണി മോള്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. നെല്ലാങ്കണ്ടി ഉള്‍പ്പെടെയുള്ള മഞ്ഞപ്പിത്ത ബാധിത പ്രദേശങ്ങളിലെ ഹോട്ടലുകള്‍, കൂള്‍ ബാറുകള്‍, ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. വൃത്തിഹീനമായ രീതിയില്‍ പ്രവര്‍ത്തിച്ച 12 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 11 സ്ഥലങ്ങളില്‍ നിന്ന് വെള്ളത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്കായി എടുക്കുകയും ചെയ്തു. നഗരസഭാ പരിധിയിലെ എല്ലാ ഹോട്ടലുകളിലും കൂള്‍ ബാറുകളിലും ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലും തുടര്‍ ദിവസങ്ങളിലും കര്‍ശന പരിശോധന നടത്തുന്നതിന് നടപടി സ്വീകരിച്ചതായി സെക്രട്ടറി അറിയിച്ചു.