നിരവധി ബജറ്റുകളിൽ വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ച കോഴിക്കോട്-ബാലുശ്ശേരി റോഡ് പദ്ധതി ഇപ്പോഴും ബജറ്റ് കടലാസില്‍ മാത്രം

Photo:Naseer K.P Ahammed

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ തിരക്കുകൂടിയ  മേജർ റോഡുകളിലൊന്നായ കോഴിക്കോട്-ബാലുശ്ശേരി റോഡ് വികസനം ഇപ്പോഴും കടലാസിൽ തന്നെ. കാരപ്പറമ്പുമുതല്‍ ബാലുശ്ശേരിവരെയുള്ള റോഡ് വീതികൂട്ടി അന്താരാഷ്ട്ര നിലവാരത്തില്‍
നവീകരിക്കാനുള്ള പദ്ധതി. വീതികുറവും റോഡിന്റെ മോശം അവസ്ഥയും കാരണം ദുരിതയാത്ര തുടരുകയാണ്. വാഹനാപകടങ്ങളും കൂടുന്നുണ്ട്. കാരപ്പറമ്പുമുതല്‍ കക്കോടി പാലംവരെ നാലുവരിയിലും അവിടെനിന്ന് ബാലുശ്ശേരിവരെ രണ്ടുവരിയിലുമായിരുന്നു റോഡ് വീതികൂട്ടാന്‍ തീരുമാനിച്ചിരുന്നത്. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് ഇതിനായി 25 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിരുന്നു. ആ പദ്ധതി എവിടെയുമെത്താതായതോടെ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 59.75 കോടി രൂപ വീണ്ടും അനുവദിച്ച് ഭരണാനുമതിനല്‍കി. സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയായ റിക്കിനെ (റോഡ് ഇന്‍ഫ്രാ സ്‌ട്രെക്ച്ചര്‍ കമ്പനി കേരള ലിമിറ്റഡ്) ചുമതലപ്പെടുത്തുകയും ചെയ്തു. പക്ഷേ, കാര്യമായ തുടര്‍നപടികളൊന്നുമുണ്ടായില്ല. റോഡ് വീതികൂട്ടാന്‍ സ്ഥലമെടുപ്പ് വേണ്ടിവരും. ഇതിന് തുടക്കംപോലും കുറിക്കാത്തതിനാല്‍ പദ്ധതി ഇനിയും നീളാനാണ് സാധ്യത. ബാലുശ്ശേരി, നരിക്കുനി, പയിമ്പ്ര, ചെലപ്രം ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലേക്ക് നൂറിലധികം ബസ്സുകളാണ് ഇതുവഴി കടന്നുപോവുന്നത്. ഓരോ അഞ്ചുമിനിറ്റിലും ബസ്സുകള്‍ സര്‍വീസ് നടത്തുന്ന പാതയാണിത്. പക്ഷേ, അതിനനുസരിച്ച് റോഡിന് വീതിയില്ല. ചിലയിടത്ത് രണ്ടു ബസ്സുകള്‍ക്ക് ശരിക്ക് കടന്നുപോവാന്‍ പറ്റാത്തത്ര ഇടുങ്ങിയതാണ്. 50 മിനിറ്റായിരുന്നു ബാലുശ്ശേരിയില്‍നിന്ന് കോഴിക്കോട്ടേക്ക് ബസ്സുകള്‍ക്ക് ഓടിയെത്താനുള്ള സമയം. എന്നാല്‍, ഇപ്പോള്‍ ഒന്നേകാല്‍ മണിക്കൂര്‍വരെയെടുക്കുന്നുണ്ട്. നിജപ്പെടുത്തി നല്‍കിയ സമയത്തിനുള്ളില്‍ ഓടിയെത്താനുള്ള ശ്രമം അപകടത്തിനും കാരണമാവാറുണ്ട്. ബസ് ജീവനക്കാര്‍ തമ്മിലും പതിവായി തര്‍ക്കങ്ങള്‍ക്കിടയാവാറുണ്ട്. അതിവേഗത്തില്‍ കുതിച്ചെത്തുന്ന ബസ്സുകള്‍ക്ക് കൃത്യമായി സൈഡുകൊടുക്കാന്‍ മറ്റു വാഹനങ്ങള്‍ പാടുപെടുകയാണ്. ഇരുചക്രവാഹനങ്ങളാണ് ഇതില്‍ ഏറ്റവും ദുരിതമനുഭവിക്കുന്നത്. കുറച്ച് ആഴ്ചകള്‍ക്കുമുന്‍പ് സ്വകാര്യബസിടിച്ച് ഈ റോഡില്‍ ബൈക്ക് യാത്രക്കാരായ ദമ്പതിമാര്‍ മരിച്ചിരുന്നു. ഇതുകൂടാതെ ചെറിയ അപകടങ്ങളുമുണ്ടാവാറുണ്ട്. വാഹനത്തിരക്കിനനുസരിച്ച് വീതിയില്ലെങ്കിലും ജില്ലയിലെ ഏറ്റവും മികച്ച റോഡുകളിലൊന്നായിരുന്നു കോഴിക്കോട്-ബാലുശ്ശേരി റോഡ്. ജപ്പാന്‍ കുടിവെള്ളപദ്ധതിക്കുവേണ്ടി വെട്ടിപ്പൊളിച്ചശേഷം അറ്റകുറ്റപ്പണി നടത്തിയത് മികച്ചരീതിയിലല്ല. മൂന്നു തട്ടുകളിലായാണ് അറ്റകുറ്റപ്പണി നടത്തിയ സ്ഥലങ്ങളിലൊക്കെ ടാറിങ് നടത്തിയത്. ഇതാണ് അപകടത്തിന് പ്രധാനകാരണം. മാത്രമല്ല മൂട്ടോളി, അമ്പലത്തുകുളങ്ങര, കാക്കൂര്‍ എന്നിവിടങ്ങളിലെല്ലാം റോഡ് പൊട്ടിപ്പൊളിയുന്നുണ്ട്. ഇതുവഴിയുള്ള യാത്ര ദുരിതമായതിനാല്‍ സ്വകാര്യബസ്സുകാര്‍ പലതവണ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ബജറ്റില്‍ 25 കോടി അനുവദിച്ചത് ഈ റൂട്ടിലെ യാത്രാദുരിതങ്ങള്‍ക്ക് പരിഹാരമാവുമെന്ന് കരുതിയിരുന്നെങ്കിലും അതുമുണ്ടായില്ല