മാലിന്യ സംസ്‌കരണ സംവിധാനമില്ല: അറവുമാലിന്യങ്ങൾ പൊതുനിരത്തുകളിൽകോഴിക്കോട്:ശാസ്ത്രീയ സംസ്‌കരണ സംവിധാനമില്ലാത്തതിനാല്‍ പേരാമ്പ്ര ടൗണിലെ  അറവ് മാലിന്യങ്ങള്‍ പൊതുനിരത്തുകളിലും മറ്റും നിക്ഷേപിക്കുന്നത് പതിവാവുന്നു. പേരാമ്പ്ര മാര്‍ക്കറ്റ് പരിസരത്തെ സംസ്ഥാന പാതയില്‍ തെരുവ് നായ്ക്കള്‍ അറവ് മാലിന്യം കടിച്ച് കൊണ്ടിടുന്നത് പതിവായി. ശുചിത്വമിഷന്‍ നിബന്ധന പ്രകാരമുള്ള അറവുശാല ഇനിയും പേരാമ്പ്രയില്‍ സജ്ജീകരിച്ചിട്ടില്ല. അതിനാല്‍ മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ സംവിധാനവുമില്ല. നേരത്തേ മത്സ്യ മാര്‍ക്കറ്റിനുള്ളില്‍ അറവ് ശാല നിര്‍മിച്ചിരുന്നെങ്കിലും ശുചിത്വമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ പഞ്ചായത്ത് അനുമതി നല്‍കിയില്ല. മത്സ്യമാര്‍ക്കറ്റ് നവീകരിക്കുന്നതിന്റെ ഭാഗമായി ആധുനിക സംവിധാനത്തോടെ അറവുശാല സജ്ജമാക്കാന്‍ പഞ്ചായത്ത് ആലോചിക്കുന്നുണ്ട്. ടൗണിലെ തെരുവ് നായശല്യവും  അടുത്ത കാലത്ത് വര്‍ധിച്ചിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. മാര്‍ക്കറ്റ് പരിസരത്തും ബസ് സ്റ്റാന്‍ഡ് പരിസരത്തുമാണ് ഇവയുടെ ശല്യം കൂടുതല്‍. മാര്‍ക്കറ്റ് പരിസരത്ത് മാലിന്യം നിറയുന്നതും തെരുവ് നായ്ക്കളുടെ എണ്ണംകൂടാന്‍ കാരണമാകുന്നുണ്ട്.

Post a Comment

0 Comments