കോഴിക്കോട്: ഇടയ്ക്കിടക്ക് രാഷ്ട്രീയസംഘര്‍ഷങ്ങള്‍ അരങ്ങേറുന്ന നാദാപുരത്ത് സബ് ജയിലിന് അനുമതി ലഭിച്ചു. നാദാപുരം നിയോജകമണ്ഡലത്തില്‍ സബ് ജയിലിന് സ്ഥലം കണ്ടെത്തുന്നതിനുവേണ്ടി മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങള്‍ മാസങ്ങള്‍ക്കുമുന്‍പ് ജയില്‍ അധികൃതര്‍ സന്ദര്‍ശിച്ചിരുന്നു. വളയം, കാവിലുംപാറ ഭാഗങ്ങളിലാണ് സംഘം സന്ദര്‍ശനം നടത്തിയത്. തുടര്‍ന്ന് വളയം അച്ചംവീട്ടിലെ പോലീസ് അധീനതയിലുള്ള സ്ഥലം ജയിലിന് അനുകൂലമെന്ന് കണ്ടെത്തിയിരുന്നു. കല്ലാച്ചിയിലെ നാദാപുരം കോടതി പരിസരത്തും ജയിലിനായി സ്ഥലം കണ്ടെത്താന്‍ കഴിയുമോ എന്ന് മുഖ്യമന്ത്രി എം.എല്‍.എ.യോട് ആരാഞ്ഞിരുന്നു. കോടതിപരിസരത്ത് ജയിലിന് അനുയോജ്യമായ സ്ഥലം ഇല്ലാത്തതിനാല്‍ വളയം അച്ചംവീടിലെ പോലീസ് ഉടമസ്ഥതയിലുള്ള സ്ഥലത്തിനാണ് പരിഗണന എന്ന് എം.എല്‍.എ. പറഞ്ഞു. എന്നാല്‍ പോലീസ് വകുപ്പില്‍നിന്ന് സ്ഥലം വിട്ടുകിട്ടാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഇ.കെ. വിജയന്‍ എം.എല്‍.എ. പറഞ്ഞു. കോഴിക്കോട് ജില്ലയില്‍ ജില്ലാ ആസ്ഥാനത്ത് ജില്ലാ ജയിലും വടകരയില്‍ ഒരു സബ് ജയിലുമാണ് നിലവിലുള്ളത്. വടകര സബ്ജയില്‍ പരിമിതികളില്‍ വീര്‍പ്പുമുട്ടുകയാണ്. അതുകൊണ്ടുതന്നെ പ്രതികളെ ജില്ലാ ജയിലിലേക്ക് മാറ്റേണ്ട അവസ്ഥയും ഉണ്ടാകാറുണ്ട്.
0 Comments