പാറോപ്പടി– കണ്ണാടിക്കൽ ജലാശയം: പഠനം നടത്താൻ സിഡബ്ല്യുആർഡിഎം


കോഴിക്കോട് ∙ നഗരത്തിന്റെ കുടിവെള്ള പ്രശ്നത്തിനു ശാശ്വത പരിഹാരം കാണാനായി എ. പ്രദീപ്കുമാർ എംഎൽഎ മുന്നോട്ടുവച്ച പാറോപ്പടി– കണ്ണാടിക്കൽ ജലാശയം സംബന്ധിച്ച വിശദ പഠനത്തിന് സിഡബ്ല്യുആർഡിഎമ്മിനെ ചുമതലപ്പെടുത്തി. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. പാറോപ്പടി– കണ്ണാടിക്കൽ റോഡിനു പടിഞ്ഞാറ് കൃഷി ചെയ്യാത്തതും വെള്ളം കെട്ടിനിൽക്കുന്നതുമായ 60 ഏക്കറോളം സ്ഥലത്താണ് ജലാശയം വിഭാവനം ചെയ്തിരിക്കുന്നത്.

ഇവിടത്തെ ജലലഭ്യത, ജലത്തിന്റെ നിലവാരം, പദ്ധതിയുടെ സാധ്യതകൾ എന്നിവ സംബന്ധിച്ച പഠനമാണ് സിഡബ്ല്യുആർഡിഎം നടത്തുക. പഠനത്തിനായി അഞ്ചുലക്ഷം രൂപ ടൂറിസം വകുപ്പ് നൽകും. വേനലിലും മഴക്കാലത്തും നടത്തുന്ന വിശദമായ പഠനത്തിനുശേഷം ജൂലൈയിൽ റിപ്പോർട്ട് സമർപ്പിക്കും. യോഗത്തിൽ എ. പ്രദീപ്കുമാർ എംഎൽഎ, ടൂറിസം സെക്രട്ടറി റാണി ജോർജ്, കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എംഡി കെ.ജി. മോഹൻലാൽ, കലക്ടർ യു.വി. ജോസ് എന്നിവർ പങ്കെടുത്തു.

ഏതാണ്ട് 45 ഏക്കറിലായിരിക്കും ജലാശയം. ബാക്കി സ്ഥലത്ത് ഔഷധത്തോട്ടം, സോളർ പവർ പ്ലാന്റ്, കരകൗശല വിപണന കേന്ദ്രം, കഫ്റ്റീരിയ, ശുചിമുറികൾ, നടപ്പാത, കളിസ്ഥലം, വിനോദ പരിപാടികൾ തുടങ്ങിയവ സജ്ജമാക്കും. സ്ഥലം ഉടമകൾക്ക് ഓഹരിയുള്ള കമ്പനി രൂപീകരിച്ചോ സ്ഥലം സർക്കാർ ഏറ്റെടുത്തോ പദ്ധതി നടപ്പിലാക്കാം. സിഡബ്ല്യുആർഡിഎമ്മിന്റെ റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തി കൃത്യമായ രൂപരേഖയുണ്ടാക്കി സ്ഥലം ഉടമകൾക്കു മുന്നിൽ അവതരിപ്പിക്കുമെന്നും പ്രദീപ്കുമാർ എംഎൽഎ പറഞ്ഞു.