യുഎൽ സൈബർ പാർക്കിലെ സ്റ്റാർട്ടപ്പിലേക്ക് സൗദി കമ്പനിയുടെ നിക്ഷേപംകോഴിക്കോട്:മലബാറിലെ യുവസംരംഭകർക്ക് ഊർജമായി യുഎൽ സൈബർ പാർക്കിലെ സ്റ്റാർട്ടപ്പിലേക്കു വിദേശനിക്ഷേപം.
യുഎൽ പാർക്കിലെ കേരള സ്റ്റാർട്ടപ് മിഷൻ ഇൻകുബേറ്ററിലെ കമ്പനിയായ സോഫ്റ്റ്ഫ്രൂട്ട് സൊല്യൂഷനിലാണ് സൗദി ആസ്ഥാനമായുള്ള ബയാനത്ത് നിക്ഷേപം നടത്തുന്നത്. പ്രോപ്പർട്ടി മാനേജ്മെന്റ് രംഗത്തെ ആപ്ലിക്കേഷനുകൾക്കു രൂപംനൽകുന്ന കമ്പനിയുടെ ഗൾഫ് മേഖലയിലെ മാർക്കറ്റിങ്ങിനും ബയാനത്ത് മേൽനോട്ടം വഹിക്കും. ആദ്യമായാണു കോഴിക്കോട് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പിലേക്ക് വിദേശനിക്ഷേപമെത്തുന്നത്. കോഴിക്കോട്ടുകാരായ ഷംനാസ്‌ തട്ടൂർ, ഒ.എൻ. അംജദ് അലി, മലപ്പുറം സ്വദേശിയായ  നിഷാദ്‌ കെ. സലീം എന്നിവർ  ചേർന്നു തുടങ്ങിയ സോഫ്റ്റ്ഫ്രൂട്ട് ഒരുവർഷമായി യുഎൽ സൈബർ പാർക്കിൽ പ്രവർത്തിച്ചുവരികയാണ്. 18 അംഗ ടീമാണുള്ളത്.

ബിൽഡേഴ്സ്, റിയൽ എസ്റ്റേറ്റ് കമ്പനികൾ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവരെ ലക്ഷ്യംവച്ചുള്ളതാണ് സോഫ്റ്റ്ഫ്രൂട്ട് പുറത്തിറക്കുന്ന എജ്‌റാത്തി എന്ന ആപ്. ഇതുവഴി ഫ്ലാറ്റുകളുടെയും വില്ലകളുടെയും  പരിപാലനം, സുരക്ഷാനിരീക്ഷണം എന്നിവ കാര്യക്ഷമമായി നടത്താനാകും.  ബില്ലുകൾ അടയ്ക്കുക, വിവിധ തരത്തിലുള്ള അറ്റുകുറ്റപ്പണികൾക്കായി വിദഗ്ധരെ കണ്ടെത്തുക, അടച്ചിട്ട വീടുകളുടെ സിസി ടിവി ദൃശ്യങ്ങൾവഴി സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾക്കെല്ലാം ആപ്പിനെ ആശ്രയിക്കാം. 

ഗൾഫ് മേഖലയിൽ ഈ ആപ്പിന്റെ വിപണന സാധ്യത മുൻനിർത്തിയാണ് ബയാനത്ത് നിക്ഷേപം നടത്തിയതെന്ന് കമ്പനി സ്ഥാപകർ അറിയിച്ചു. ബയാനത്ത് ഡയറക്ടർമാരായ അബ്‌ദോ അഹമ്മദ്‌ അബാദി ഖാതിബ്,  ഖാലിദ്‌ സഹീദ്‌‌ അബൂസൈനാഹ് എന്നിവർ കോഴിക്കോട്ടെത്തി ധാരണാപത്രം ഒപ്പുവച്ചു. ആപ്പിന്റെ ബീറ്റ വേർഷൻ അവതരണവും നടത്തി.