നഗരപാത ശുചീകരണം: പ്രത്യേക വാഹനമെത്തി





കോഴിക്കോട്: നഗരപാതാ വികസനപദ്ധതിയില്‍ നവീകരിച്ച ആറു റോഡുകളുടെ ശുചീകരണത്തിനായി പ്രത്യേകവാഹനമെത്തി. പണിക്കാരുടെ ലഭ്യതക്കുറവും സുരക്ഷയും മുന്‍നിര്‍ത്തിയാണ് യു.എല്‍.സി.സി. 'റോഡ് സ്വീപ്പര്‍ മെഷീന്‍' ഒരുക്കിയിട്ടുള്ളത്. കോഴിക്കോട് ആദ്യമായാണ് ഇത്തരമൊരു സംവിധാനം. ശുചീകരണത്തിന് മൂന്ന് ബ്രഷുകളാണ് ഉള്ളത്. വാഹനത്തിന്റെ പിറകുവശത്തുള്ള 15 സെന്റീമീറ്റര്‍ വ്യാസമുള്ള പമ്പിലൂടെ ഇലകളും ചെറിയ കുപ്പികളും കല്ലുമെല്ലാം വലിച്ചെടുക്കും. 2.5 ക്യുബിക് മെട്രിക് ടണ്‍ മാലിന്യം സംഭരിക്കാനുള്ള ശേഷിയുണ്ട്. വെള്ളം ഒഴിച്ച് വൃത്തിയാക്കാനുള്ള സംവിധാനവും ഇതിലുണ്ട്. നിരീക്ഷണ ക്യാമറയുമുണ്ട്. 45 ലക്ഷം രൂപയാണ് വാഹനം തയ്യാറാക്കുന്നതിൻ ചെലവായത്. മണിക്കൂറില്‍ ഒന്നര കിലോമീറ്റര്‍ റോഡ് വൃത്തിയാക്കാന്‍ പറ്റും. എന്നാല്‍ റോഡരികില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് ശുചീകരണത്തിന് തടസ്സമുണ്ടാക്കും. ആദ്യദിവസം തന്നെ അനധികൃത പാര്‍ക്കിങ് കാരണം ശുചീകരണം നടത്താന്‍ ബുദ്ധിമുട്ടുണ്ടായി. പരമാവധി പകല്‍ സമയങ്ങളില്‍ തന്നെയായിരിക്കും ശുചീകരണം. തിരക്കുള്ള റോഡുകളില്‍ രാത്രി ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. 35 ജീവനക്കാര്‍ നിലവില്‍ ശുചീകരണത്തിനുണ്ട്. എന്നാല്‍ വലിയ റോഡുകള്‍ ശുചീകരിക്കാന്‍ തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ടാണ്. കൂടാതെ അപകടസാധ്യതയുമുണ്ട്. ഇത്തരത്തില്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക്കും കുപ്പികളും തരംതിരിക്കും. ഇവ എന്തുചെയ്യണമെന്ന കാര്യം മേയറോട് സംസാരിച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനുളളില്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനമാകും. വാഹനത്തിന്റെ ഫ്‌ലാഗ് ഓഫ് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു. യു.എല്‍.സി.സി. റോഡ് മെയിന്റനന്‍സ് വിഭാഗം ഡയറക്ടര്‍ എം.എം. സുരേന്ദ്രന്‍, പ്രോജക്ട് മാനേജര്‍ അജിത് കുമാര്‍, വൈസ് പ്രസിഡന്റ് അനന്തന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Back To Blog Home Page