കോഴിക്കോട്:മൊയ്തീൻ പള്ളി റോഡിലൂടെ വരുന്ന വാഹനങ്ങൾക്ക് ലാൻഡ് വേൾഡ് സെന്ററിലേക്കുപോകാൻ മിഠായിത്തെരുവ് മുറിച്ചുകടക്കുന്നതിന് അനുമതി. മന്ത്രിമാരായ ടി.പി. രാമകൃഷ്‌ണൻ, എ.കെ. ശശീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണു തീരുമാനം. മിഠായിത്തെരുവിലെ മൊയ്തീൻ പള്ളി റോഡ് ജംക്‌ഷനിൽനിന്ന് ഇടത്തോട്ടോ വലത്തോട്ടോ തിരിയാൻ അനുവാദമില്ല. നിയന്ത്രണം കർശനമായി നടപ്പാക്കാൻ ഇവിടെ പൊലീസിനെ നിയോഗിക്കും. ഇതോടൊപ്പം താജ് റോഡ്, കോർട്ട് റോഡ് തുടങ്ങിയ സ്‌ഥലങ്ങളിലെ അനധികൃത പാർക്കിങ്ങും കർശനമായി നിയന്ത്രിക്കാൻ തീരുമാനിച്ചിട്ടുണ്ട്. മേയർ തോട്ടത്തിൽ രവീന്ദ്രൻ, എംഎൽഎമാരായ എം.കെ. മുനീർ, എ. പ്രദീപ്‌കുമാർ, കലക്‌ടർ യു.വി. ജോസ് എന്നിവരും മറ്റുദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
ലാൻഡ് വേൾഡ് സെന്ററിൽ ഒട്ടേറെ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സൗകര്യം ഉള്ളതിനാലും ബിൽഡിങ് ചട്ടപ്രകാരമുള്ള പാർക്കിങ് സൗകര്യങ്ങൾ ലഭ്യമായതിനാലുമാണ് വ്യാപാരികളുടെയും പൊതുജനങ്ങളുടെയും സൗകര്യാർഥം ഇവിടേക്കു തെരുവ് മുറിച്ചുകടന്നുപോകാൻ വാഹനങ്ങൾക്ക് അനുമതി നൽകിയത്. മറ്റുറോഡുകളിൽ നിന്ന് പ്രവേശനം ഉണ്ടാകില്ല.
ഇതുകൂടാതെ വ്യാപാരികളുടെയും തൊഴിലാളികളുടെയും സൗകര്യാർഥം ഉച്ചയ്‌ക്ക് രണ്ടു മുതൽ മൂന്നു വരെ രണ്ട് പെട്ടിഓട്ടോറിക്ഷകൾക്ക് മിഠായിത്തെരുവിലേക്ക് പ്രവേശനം അനുവദിക്കും. ഈ വാഹനങ്ങൾക്ക് പ്രത്യേക നമ്പർ നൽകും. താജ് റോഡിലും കോർട്ട് റോഡിലും കാൽനടയാത്രക്കാർക്ക് റോഡുകളിലേക്ക് പ്രവേശിക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കും.
എസ്.കെ. പൊറ്റെക്കാട്ട് സ്‌ക്വയറിൽ പരിപാടികൾ നടത്താൻ കോർപറേഷന്റെ അനുമതി നിർബന്ധമാക്കും. ചെറിയ പരിപാടികൾക്കു മാത്രമേ ഇവിടെ അനുമതി നൽകൂ. ചെറിയ സാംസ്‌കാരിക പരിപാടികൾക്ക് ആവശ്യമായ മൈക്ക് സെറ്റ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഇവിടെ സജ്‌ജീകരിക്കും. പൊറ്റെക്കാട്ട് സ്‌ക്വയറിൽ കോർപറേഷന്റെ നേതൃത്വത്തിൽ സ്‌ട്രീറ്റ് മാനേജറെ നിയമിക്കുകയും ചെയ്യും. ഇവിടെ ഓട്ടോറിക്ഷകൾ റോഡിൽ തടസ്സം സൃഷ്ടിക്കുന്നത് ഒഴിവാക്കാൻ യോഗം പൊലീസിന് നിർദേശം നൽകിയിട്ടുമുണ്ട്.