ഗ്രീൻ ആൽഗൽ ബ്ലൂം : ഇരുവഞ്ഞിപ്പുഴയിൽ പരിശോധന നടത്തികോഴിക്കോട്:ചാലിയാർ പുഴക്ക് പുറമെ ഇരുവഞ്ഞിപ്പുഴയുടെ വിവിധ ഭാഗങ്ങളിലും ഗ്രീൻ ആൽഗൽ ബ്ലൂം (പായൽ) കണ്ടെത്തിയതിനെ തുടർന്ന് ജില്ലാ കലക്ടർ യു.വി.ജോസിന്റെ നിർദേശപ്രകാരം  ജില്ലാ ദുരന്തനിവാരണ അതോറിറ്റി, സിഡബ്ല്യുആർഡിഎം, മലിനീകരണ നിയന്ത്രണ ബോർഡ്, വാട്ടർ അതോറിറ്റി വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് പരിശോധന നടത്തിയത്. ജലം പരിശോധിക്കുകയും വിദഗ്ദ പരിശോധനക്ക് ജലസാമ്പിൾ ശേഖരിക്കുകയും ചെയ്തു.

ശുദ്ധജല വിതരണം വരെ സ്തംഭിച്ച അവസ്ഥയിലായിരുന്നു ചില ഭാഗങ്ങളിൽ. മിക്കയിടത്തും പുഴയിൽ നിന്നുള്ള പമ്പിങും നിർത്തിവച്ചത് കുടിവെള്ള ക്ഷാമവും രൂക്ഷമാക്കിയ അവസ്ഥയായിരുന്നു കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ള തെയ്യത്തുംകടവ്, കോട്ടമുഴി, കാരശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ള കക്കാട് മാളിയേക്കൽ കടവ് ഭാഗങ്ങളിൽ രൂക്ഷമായ രീതിയിലായിരുന്നു പായൽ പ്രത്യക്ഷപ്പെട്ടിരുന്നത്.

പുഴയിൽ നിന്ന് കുളിക്കാനോ വെള്ളം ഉപയോഗിക്കാനോ പാടില്ലെന്നും അധികൃതർ നിർദേശവും നൽകിയതോടെ ജനം ഭീതിയിലാണ്. ഒന്നാം ഘട്ടത്തിൽ ശേഖരിച്ച ജലത്തിൽ നേരിയ തോതിൽ പ്രശ്നം കണ്ടെത്തിയതിനെ തുടർന്നാണ് രണ്ടാം ഘട്ടത്തിൽ വിവിധ വകുപ്പുകൾ സംയുക്തമായി പരിശോധനക്കെത്തിയത്.

ഒരാഴ്ചയ്ക്കകം പരിശോധന ഫലം ലഭിക്കുമെന്നും അധികൃതർ പറഞ്ഞു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ചുമതലയുള്ള ഡപ്യൂട്ടി കലക്ടർ പി.പി.കൃഷ്ണൻകുട്ടി, തഹസിൽദാർ ഇ.അനിത കുമാരി, സിഡബ്ല്യുആർഡിഎമ്മിലെ ശാസ്ത്രജ്ഞ ഡോ. ദീപൂ, മലിനീകരണ നിയന്ത്രണ ബോർഡിലെ എൻജിനീയർ കെ.ബി.മുകുന്ദൻ, വാട്ടർ അതോറിറ്റി അസി.എക്സിക്യൂട്ടീവ് എൻജിനീയർ റോയ് ജോ‍ർജ്, ഹെൽത്ത് ഇൻസ്പെക്ടർ പി.ഉണ്ണികൃഷ്ണൻ, കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി.അബ്ദുല്ല എന്നിവർ ജലപരിശോധനക്ക് നേതൃത്വം നൽകി. ഇരുവഞ്ഞിപ്പുഴക്ക് പുറമെ ചാലിയാറിൽ ഊർക്കടവ് കവണക്കല്ല് റഗുലേറ്റർ കം ബ്രിഡ്ജ്, എന്നിവിടങ്ങളിലും പരിശോധന നടത്തി.

Post a Comment

0 Comments