ബസുകൾ സമയത്തിൻ ഒാടുന്നില്ല; കോഴിക്കോട‌് -തൊട്ടിൽപാലം റൂട്ടിൽ ദുരിതമേറിയ രാത്രിയാത്ര



കോഴിക്കോട‌്:. കെ.എസ‌്.ആർ.ടി.സി സർവിസ‌് മുടങ്ങുന്നതും നിലവിലെ സർവിസ‌് വൈകുന്നതും കാരണം കോഴിക്കോട‌്-തൊട്ടിൽപാലം റൂട്ടിൽ രാത്രിയാത്ര ദുഷ‌്കരമാവുന്നു. കെ.എസ‌്.ആർ.ടി.സിയെ മാത്രം ആശ്രയിക്കുന്ന നിരവധി പേരാണ‌് വെട്ടിലാകുന്നത‌്. കഴിഞ്ഞ ദിവസം 11.30ന‌് കോഴിക്കോട്ടുനിന്ന‌് തൊട്ടിൽപാലത്തേക്ക‌് പുറപ്പെടേണ്ട ബസ‌് കോഴിക്കോട‌് സ‌്റ്റാൻഡിലെത്തിയത‌് പുലർച്ചെ രണ്ടിന‌്. എറണാകുളത്തുനിന്ന‌് പുറപ്പെടുന്ന ബസാണിത‌്‌. ഒന്നരക്ക് എത്തേണ്ട ബസ‌് അപ്പോഴും എത്തിയതുമില്ല. അത്രയും സമയം സ‌്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാർ സ‌്റ്റാൻഡിൽ കാത്തിരിക്കേണ്ടിവന്നു. ബസ‌് അനന്തമായി വൈകിയപ്പോൾ കെ.എസ‌്.ആർ.ടി.സി അന്വേഷണ വിഭാഗത്തിൽ യാത്രക്കാർ പ്രതിഷേധമറിയിച്ചതോടെ പൊലീസ‌് ഇടപെട്ടാണ‌് സ്ഥിതി ശാന്തമാക്കിയത‌്. രാത്രി 10നുശേഷം 10.30, 11.30, 1.30, 3.30 സമയങ്ങളിലാണ‌് കോഴിക്കോട്ടുനിന്ന‌് തൊട്ടിൽപാലത്തേക്ക‌് ബസുള്ളത‌്. ഇവ എറണാകുളം, തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളിൽനിന്ന് വരുന്നവയാണ്. ബസുകൾ സമയക്രമം പാലിക്കാറില്ലെന്നാണ് പരാതി. രാത്രി 9.30നും 10നും കോഴിക്കോട്ടുനിന്ന‌് പുറപ്പെടേണ്ട ബസുകള്‍ മിക്കവാറും ദിവസങ്ങളില്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കുന്നത് രാത്രിയാത്രക്കാരെ ഏറെ വലക്കുന്നു. അത്തോളി, ഉള്ള്യേരി, നടുവണ്ണൂർ, പേരാമ്പ്ര, കുറ്റ്യാടി എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്ക് രാത്രികാലങ്ങളിൽ മറ്റു വാഹനസൗകര്യവും ഉണ്ടാകാറില്ല. സർവിസുകൾ വൈകുന്നത‌് സംബന്ധിച്ച‌് അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന‌് സോണൽ മാനേജർ ജോഷി ജോൺ അറിയിച്ചു.

Post a Comment

0 Comments