സൗത്ത് ബീച്ചിലെ ലോറി സ്റ്റാൻഡ് മാറ്റാൻ തീരുമാനം: മെയ് ഒന്നു മുതൽ കോയാ റോഡും, മീഞ്ചന്തയും പുതിയ പാർക്കിങ് ഗ്രൗണ്ടുകൾ



കോഴിക്കോട്:സൗത്ത് ബീച്ചിൽ തുറമുഖ വകുപ്പിന്റെ സ്ഥലത്തെ ലോറി സ്റ്റാൻഡും ബീച്ച് റോഡിലെ അനധികൃത പാർക്കിങ്ങും നിർത്തലാക്കാൻ ഗതാഗത ഉപദേശക സമിതി യോഗത്തിൽ തീരുമാനം. ലോറി പാർക്കിങ്ങിനായി കോയാ റോഡിലും മീഞ്ചന്തയിലും പകരം സ്ഥലം കണ്ടെത്താനും മേയർ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷനായ സമിതി  തീരുമാനിച്ചു. ബീച്ച് റോഡിൽ അനധികൃത പാർക്കിങ് തടയുന്നതിന് വാഹനങ്ങൾ ലോക്ക് ചെയ്യുന്നതടക്കമുള്ള കർശന നടപടിയെടുക്കാനും യോഗം തീരുമാനിച്ചു.  കോയാ റോഡിൽ സ്വകാര്യ സ്ഥലത്ത് ഫീസ് നൽകി പാർക്കിങ് സൗകര്യം ലഭ്യമാക്കാനാണ് ആലോചന. ജീവനക്കാർക്കായി മികച്ച ശുചിമുറി, കുളിമുറി സൗകര്യങ്ങൾ ഇവിലെ ലഭ്യമാണ്.


മീഞ്ചന്തയിൽ ബസ് സ്റ്റാൻഡിനായി ഏറ്റെടുത്ത മൂന്നേക്കർ സ്ഥലവും ലോറി പാർക്കിങ്ങിനായി  ഉപയോഗിക്കാനാകും.  സൗത്ത് ബീച്ചിലെ സൗന്ദര്യവൽക്കരണം പൂർത്തിയാകുന്ന സാഹചര്യത്തിൽ കോഴിക്കോട് ബീച്ചിന്റെ സാധ്യത വർധിക്കുകയാണെന്ന് കലക്ടർ യു.വി. ജോസ് പറഞ്ഞു. എന്നാൽ ഇപ്പോൾ ലോറികളുടെ നീണ്ടനിര പ്രദേശത്തെ ടൂറിസം വികസനത്തിന് തിരിച്ചടിയാണ്. നഗരത്തിന്റെ വളർച്ചപരിഗണിക്കുമ്പോൾ ഇത് അനുവദിക്കാനാകില്ലെന്നും കലക്ടർ പറഞ്ഞു. യോഗത്തിൽ മേയർ, കലക്ടർ, കമ്മിഷണർ എസ്. കാളിരാജ് മഹേഷ്കുമാർ, ടൗൺ പ്ലാനർ ഷാജി ജോസഫ് എന്നിവർ പങ്കെടുത്തു. സൗത്ത് ബീച്ചും മീഞ്ചന്തയിൽ പാർക്കിങ്ങിനായി പരിഗണിക്കുന്ന സ്ഥലവും സമിതിയംഗങ്ങൾ സന്ദർശിച്ചു.

Post a Comment

0 Comments