കോഴിക്കോട്: മലബാറിലെ പ്രത്യേകിച്ച് കോഴിക്കോട്, വയനാട് ജില്ലകളിലെ ടൂറിസം രംഗത്ത് വൻ കുതിച്ചു ചാട്ടത്തിൻ വഴിയൊരുക്കുന്ന താമരശ്ശേരി ചുരം റോപ് വേ പദ്ധതി രൂപരേഖയ്ക്ക് ജില്ലാ ഭരണകൂടം തത്ത്വത്തില്‍ അംഗീകാരം നല്‍കി. വനം, വൈദ്യുതി വകുപ്പുകളുടെ റിപ്പോര്‍ട്ട് സഹിതം പദ്ധതി സര്‍ക്കാറിലേക്ക് സമര്‍പ്പിക്കാന്‍ തീരുമാനമായി. മേയ് നാലിന് മൂന്നുമണിക്ക് കളക്ടറേറ്റില്‍ ചേരുന്ന യോഗത്തില്‍ പദ്ധതിക്ക് ജില്ലാ തലത്തിലുള്ള അന്തിമാംഗീകാരം നല്‍കും. വയനാട് ചേംബര്‍ ഓഫ് കൊമേഴ്സാണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്. അടിവാരം മുതല്‍ ലക്കിടി വരെ 3.675 കി.മീ. നീളമുള്ളതാണ് റോപ് വേ. ദക്ഷിണേന്ത്യയിലെ ഏറ്റവും നീളം കൂടിയ റോപ് വേ ആയിരിക്കും ഇത്. ഒരു മണിക്കൂറില്‍ 400 പേര്‍ക്ക് സഞ്ചരിക്കാനാകും. ആറു പേര്‍ക്ക് ഇരിക്കാനുളള 40 ക്യാബിനുകളാണ് ഉണ്ടാവുക. 20 മിനിറ്റ് കൊണ്ട് മുകളില്‍ എത്താന്‍ സാധിക്കും. 40 ടവറുകളാണ് റോപ് വേയ്ക്ക് വേണ്ടി സ്ഥാപിക്കുക. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി സൗഹൃദമാകും. യോഗത്തില്‍ ജില്ലാ കളക്ടര്‍ യു.വി. ജോസ് അധ്യക്ഷനായി. ജോര്‍ജ് എം. തോമസ് എം.എല്‍.എ., വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സ് ജനറല്‍ സെക്രട്ടറി ഡോ. ഇ.പി. മോഹന്‍ദാസ് എന്നിവര്‍ പങ്കെടുത്തു.
0 Comments