ഇ പോസ് മെഷീന്‍ ഉപയോഗിച്ച് റേഷന്‍ വിതരണം: ചില റേഷന്‍ കടകളില്‍ ആദ്യനാളില്‍ തന്നെ ഇ പോസ് മെഷീന്‍ പണിമുടക്കി



കോഴിക്കോട്: ജില്ലയില്‍ ഇ പോസ് മെഷീന്‍ മുഖേനെയുള്ള റേഷന്‍വിതരണം ചില കടകളില്‍ ആദ്യ നാളുകളിൽ തന്നെ തടസ്സപ്പെട്ടു. ഈ സംവിധാനം നടപ്പില്‍ വന്ന മുപ്പതു കടകളിലാണ് പ്രശ്‌നം അനുഭവപ്പെട്ടത്. ജില്ലയിലെ 971 റേഷന്‍ കടകളിലും ഇ പോസ് മെഷീനുണ്ടെങ്കിലും റെയിഞ്ച് പ്രശ്‌നമാണ് ആദ്യനാളില്‍ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയത്. എല്ലാ താലൂക്കുകളിലും ഈ പ്രശ്‌നമുണ്ടായി. ആന്റിന സ്ഥാപിച്ചുകൊണ്ട് പരിഹരിക്കാനാണ് ശ്രമം. ബുധനാഴ്ചയോടെ എല്ലാ കടകളിലും ഇ പോസ് മെഷീന്‍ വഴിയുള്ള വിതരണം യാഥാര്‍ഥ്യമാകുമെന്നാണ് അധികൃതര്‍ പറയുന്നത്. വിഷുവിന് നാലുനാള്‍മാത്രം ബാക്കിയുള്ളപ്പോള്‍ റേഷന്‍സാധനങ്ങളുടെ വിതരണം മുടങ്ങുന്നത് വലിയ പ്രശ്‌നമുണ്ടാക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ചൊവ്വാഴ്ച റേഷന്‍വിതരണം തുടങ്ങിയ കടകളില്‍ത്തന്നെ അധികം ആളുകള്‍ എത്തിയിരുന്നില്ല. തൂക്കകൃത്യതയുടെ കാര്യത്തില്‍ തങ്ങളുന്നയിച്ച പ്രശ്‌നത്തിനു പരിഹാരമായിട്ടില്ലെന്ന് വ്യാപാരികള്‍ കുറ്റപ്പെടുത്തി. ഇതുകാരണം വിഷുവിന് റേഷന്‍ മുടങ്ങുമെന്ന് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാകമ്മിറ്റി മുന്നറിയിപ്പുനല്‍കി. ഇ പോസ് മെഷീന്‍ സ്ഥാപിക്കുമ്പോള്‍ തൂക്കകൃത്യത ഉറപ്പാക്കുമെന്നാണ് വ്യാപാരികള്‍ പ്രതീക്ഷിച്ചതെങ്കിലും ഗോഡൗണില്‍ നല്ലൊരു തൂക്കമെഷീന്‍ പോലും സ്ഥാപിച്ചിട്ടില്ലെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. ജില്ലാ സപ്ലൈ ഓഫീസര്‍ കെ. മനോജ് കുമാര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ അധികൃതര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ വ്യാപാരികള്‍ക്ക് സ്വീകാര്യമായില്ല. ഗോഡൗണില്‍നിന്ന് തൂക്കിക്കൊടുക്കുമ്പോള്‍ കൃത്യത ഉറപ്പാക്കാന്‍ റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരുടെ സേവനം ഉറപ്പാക്കുമെന്നും ഇതിനായുള്ള ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും യോഗത്തില്‍ വ്യക്തമാക്കി. റേഷന്‍ വ്യാപാരികളുടെ പ്രതിനിധികള്‍ക്കും ഗോഡൗണിലെ തൂക്കകൃത്യത ഉറപ്പാക്കാന്‍ അവസരമുണ്ടാകും. എന്നാല്‍, എല്ലാ റേഷന്‍ കടകളിലും തൂക്കിനല്‍കാന്‍ സംവിധാനം വേണമെന്നാണ് വ്യാപാരികള്‍ ആവശ്യപ്പെട്ടത്. അത് അപ്രായോഗികമാണെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചെങ്കിലും വ്യാപാരികള്‍ പിന്മാറാന്‍ തയ്യാറായില്ല. തൂക്കകൃത്യതയുടെ കാര്യത്തില്‍ വ്യക്തമായ തീരുമാനമെടുക്കാനായില്ലെന്ന് പത്രക്കുറിപ്പില്‍ വ്യാപാരികളുടെ സംയുക്തകമ്മിറ്റി കുറ്റപ്പെടുത്തി. സാധനങ്ങള്‍ കൃത്യമായി തൂക്കിനല്‍കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. ഇക്കാരണത്താല്‍ റേഷന്‍ വിതരണം മുടങ്ങിയാല്‍ തങ്ങള്‍ ഉത്തരവാദികളായിരിക്കില്ലെന്നും വ്യാപാരികളുടെ കമ്മിറ്റി അറിയിച്ചു. താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, സിറ്റി റേഷനിങ് ഓഫീസര്‍മാര്‍, ഡിപ്പോ മാനേജര്‍മാര്‍ എന്നിവരും സംയുക്തസമിതി നേതാക്കളായ ടി. മുഹമ്മദാലി, പി. പവിത്രന്‍, സൈനുദ്ദീന്‍, വി. പ്രഭാകരന്‍ നായര്‍, കെ.പി. അഷ്‌റഫ്, പി. അരവിന്ദന്‍ എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.

Post a Comment

0 Comments