SH-68,കാപ്പാട്-തുഷാരഗിരി സംസ്ഥാന ടൂറിസ്റ്റ് ഹൈവേ; പ്രാധാന്യം പേരിൽ മാത്രമൊതുങ്ങി



കോഴിക്കോട്: ചരിത്രപ്രസിദ്ധമായ കാപ്പാടും പ്രകൃതി രമണീയമായ തുഷാരഗിരിയും  തമ്മില്‍ ബന്ധിപ്പിക്കുന്ന കാപ്പാട്-തുഷാരഗിരി-അടിവാരം സംസ്ഥാന ഹൈവേ-68-ന്റെ ടൂറിസം പ്രാധാന്യം റോഡിന്റെ പേരിലൊതുങ്ങി. തുഷാരഗിരിയിലെത്താന്‍ കാപ്പാട്ടുനിന്ന് സഞ്ചാരികള്‍ക്ക് ഇപ്പോള്‍ 10 ബസുകളെങ്കിലും മാറിക്കയറേണ്ട അവസ്ഥയാണ്. ജനകീയ ടൂറിസം വികസനത്തിന്റെ ഭാഗമായി ഈ റൂട്ടില്‍ ഒരു കെ.എസ്.ആര്‍.ടി.സി. ബസ് അനുവദിക്കാന്‍ പോലും അധികൃതര്‍ അനുവദിച്ചിട്ടില്ല. മലയോരവും ഇടനാടും കടലോരവും തമ്മില്‍ ബന്ധിപ്പിക്കുന്ന നീളം കുറഞ്ഞ സംസ്ഥാനപാതയാണിത്. ജില്ലയിലെ വലിയ പാലമായ കുനിയില്‍കടവ് സി.എച്ച്. പാലവും ഈ പാതയിലാണ്. 2003 സെപ്റ്റംബര്‍ 28-ന് ഈ പാലത്തിന്റെ ഉദ്ഘാടനവേദിയില്‍ അധ്യക്ഷത വഹിച്ച എം.എല്‍.എ. എ.സി. ഷണ്‍മുഖദാസിന്റെ അഭ്യര്‍ഥനയിലാണ് മരാമത്ത് മന്ത്രി എം.കെ. മുനീര്‍ ഇതുവഴി കാപ്പാട്-വയനാട് സംസ്ഥാന ഹൈവേയ്ക്കുള്ള സാധ്യത പരിഗണിച്ചത്. 62 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പാത കൊയിലാണ്ടി, ബാലുശ്ശേരി, എലത്തൂര്‍, കൊടുവള്ളി, തിരുവമ്പാടി നിയോജകമണ്ഡലത്തിലൂടെയാണ് കടന്നു പോകുന്നത്. കാപ്പാട്ടുനിന്ന് തുഷാരഗിരിയിലെത്തുന്ന സഞ്ചാരികള്‍ക്ക് അടിവാരം വഴി വയനാട്ടിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളുമായും ബന്ധപ്പെടാവുന്ന ഒരു പാക്കേജ് സര്‍വീസാണ് ഈ റൂട്ടില്‍ ആവശ്യമെന്ന് നാട്ടുകാര്‍ പറയുന്നു. കൊയിലാണ്ടിയിലെ ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ്, കുഞ്ഞാലി മരക്കാര്‍ കോട്ട എന്നിവയുമായും ഇതിനെ ബന്ധപ്പെടുത്തി ഈ സര്‍വീസ് വികസിപ്പിക്കാനാവും. അത്തോളി-നന്മണ്ട റീച്ചിലെ നവീകരണം കൂടി കഴിഞ്ഞതോടെ ഈ സംസ്ഥാനപാത മികച്ച ഗതാഗത സൗകര്യമുള്ളതായി കഴിഞ്ഞിരിക്കുകയാണ്. സെന്‍ട്രല്‍ റോഡ് ഫണ്ടില്‍ നിന്നും പന്ത്രണ്ടരക്കോടി രൂപ ചെലവിട്ട് അഞ്ചു മാസം കൊണ്ടാണ് ഇവിടെ പ്രവൃത്തി പൂര്‍ത്തിയാക്കിയത്.

Post a Comment

0 Comments