കൂട്ടായ്മയുടെ വരധാനമായി മലബാര്‍ മേഖലയിലെ ആദ്യ സ്വകാര്യ ചെറുകിട ജലവൈദ്യുതപദ്ധതികോഴിക്കോട്: എതിര്‍പ്പൊന്നുമില്ലാതെ, പരിസ്ഥിതിലോല പ്രദേശത്ത് ജലവൈദ്യുതപദ്ധതി നടപ്പാക്കുക. അതും തികച്ചും പരിസ്ഥിതി സൗഹൃദമായി. ആനക്കാംപൊയില്‍ കണ്ടപ്പന്‍ചോലയില്‍ പ്രവര്‍ത്തിക്കുന്ന പതങ്കയം ജലവൈദ്യുതപദ്ധതിയാണ് ഈ രീതിയില്‍ ശ്രദ്ധേയമാകുന്നത്. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയാണിത്. മിനാര്‍ റിന്യൂവബിള്‍ എനര്‍ജി പ്രോജക്ടാസ് പ്രൈവറ്റ് ലിമിറ്റഡ് പദ്ധതിയുടെ സംരംഭരും നടത്തിപ്പുകാരും. ഇരുവഴിഞ്ഞിപ്പുഴയിലെ വെള്ളമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പദ്ധതി, ഉപയോഗശേഷം അതേവെള്ളം തിരിച്ച് പുഴയിലേക്ക് ഒഴുക്കിവിടുകയാണ് ചെയ്യുന്നത്. മഴയുടെ അളവ് വര്‍ഷം കഴിയുന്തോറും ക്രമാതീതമായി കുറയുകയും മറ്റ് ഊര്‍ജ സ്രോതസ്സുകള്‍ അനുകൂലവുമല്ലാത്തതിനാല്‍ ചെറുകിട ജലവൈദ്യുതപദ്ധതികളാണ് കേരളത്തിന് ഏറ്റവും അനുകൂലം.

2015 ജൂണില്‍ നിര്‍മാണം ആരംഭിച്ച പദ്ധതി 17 മാസമെന്ന റെക്കോഡ് സമയംകൊണ്ട് പൂര്‍ത്തിയാക്കി. 2017 ജനുവരി 17-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. മുപ്പതുവര്‍ഷത്തെ കരാറാണ് മിനാര്‍ റിന്യൂവബിള്‍ എനര്‍ജി പ്രോജക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിനുള്ളത്. 30 വര്‍ഷത്തിനുശേഷം പദ്ധതിയുടെ മുഴുവന്‍ അവകാശങ്ങളും കെ.എസ്.ഇ.ബി.യെ ഏല്‍പ്പിക്കും. കഴിഞ്ഞ സീസണില്‍ മിനാര്‍ കമ്പനി 13 ദശലക്ഷം യൂണിറ്റ് വൈദ്യുതി കെ.എസ്.ഇ.ബി.ക്ക് നല്‍കി. ഏറെ വ്യത്യസ്തം ഈ പദ്ധതി മറ്റ് ചെറുകിട ജലവൈദ്യുത പദ്ധതികളില്‍നിന്ന് വ്യത്യസ്തമായി പുഴയില്‍നിന്ന് ടാങ്കിലേക്ക് വെള്ളമെത്തിക്കുന്നതിന് കനാല്‍ സംവിധാനമല്ല, പകരം പൈപ്പുകളാണ് പതങ്കയത്ത് പ്രയോജനപ്പെടുത്തിയിരിക്കുന്നത്. വളരെ കുറഞ്ഞ ഭൂമിമാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്നതാണ് ഇതിന്റെ മെച്ചം. പൈപ്പുകള്‍ക്കുമുകളില്‍ മണ്ണിട്ടതിനുശേഷം അവിടെ കൃഷി ചെയ്യുന്നതിന് പ്രദേശവാസികളെ കമ്പനി അനുവദിക്കുന്നുമുണ്ട്. കപ്പ, വാഴ തുടങ്ങിയ വിളകള്‍ ഇപ്രകാരം കൃഷി ചെയ്തുവരുന്നു. പൂര്‍ണമായും ചൈനീസ് സാങ്കേതികവിദ്യയും ഉപകരണങ്ങളുമാണ് പദ്ധതിക്കുവേണ്ടി ഉപയോഗിച്ചത്. തികച്ചും പരിസ്ഥിതിസൗഹൃദം ഏകദേശം അഞ്ച് ഏക്കര്‍ ഭൂമിയാണ് പദ്ധതിക്കായി മിനാര്‍ കമ്പനി നാട്ടുകാരില്‍നിന്ന് ഏറ്റെടുത്തത്. പണം നല്‍കിയാണ് കമ്പനി ഭൂമി ഏറ്റെടുത്തതെങ്കിലും ഇതേസ്ഥലം അതതു സ്ഥലഉടമകള്‍ക്ക് കൃഷി ചെയ്യുന്നതിന് വിട്ടുനല്‍കുകയും ചെയ്തു. പരിസ്ഥിതിലോലപ്രദേശമായ ഇവിടെ പ്രവര്‍ത്തിച്ചുതുടങ്ങിയതും നിര്‍മാണത്തിലിരിക്കുന്നതുമായ വേറെയും ചെറുകിട ജലവൈദ്യുത പദ്ധതികളുണ്ട്. എട്ടുപദ്ധതികളും കൂടിച്ചേര്‍ന്ന് ആകെ 47 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്. പ്രകൃതിക്ക് യാതൊരുവിധ കേടുപാടുകളും നാശനഷ്ടങ്ങളും വരുത്താത്തതിനാല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും പദ്ധതിക്ക് അനുകൂലമാണ്. ഇനിയുമുണ്ട് പദ്ധതികള്‍ പിന്നാലെ കമ്മിഷന്‍ചെയ്ത പദ്ധതി കൂടാതെ, മിനാര്‍ റിന്യൂവബിള്‍ എനര്‍ജി പ്രോജക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ തന്നെ നേതൃത്വത്തില്‍ ഒരു പദ്ധതികൂടി ഇതേ പുഴയില്‍ നിര്‍മാണത്തിലാണ്. 2017 മാര്‍ച്ചില്‍ തുടങ്ങിയ ഇതിന്റെ നിര്‍മാണം 70 ശതമാനത്തോളം പൂര്‍ത്തിയായി. 2018 ജൂണില്‍ പദ്ധതി കമ്മിഷന്‍ ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. എട്ടു മെഗാവാട്ട് വൈദ്യുതിയാണ് ഇതിന്റെ ഉത്പാദനശേഷി. ഇവരുടെതന്നെ മറ്റൊരു പദ്ധതിക്കും ഇരുവഴിഞ്ഞിപ്പുഴയില്‍ അനുമതി കിട്ടിയിട്ടുണ്ട്. ഇതിന്റെ സര്‍വേ തുടങ്ങിയിട്ടില്ല. ഏകദേശം നാലുമുതല്‍ അഞ്ച് മെഗാവാട്ട് ശേഷിയാണ് ഈ പദ്ധതിക്കുണ്ടാകുക. ബാക്കി വിശേഷങ്ങള്‍ വൈദ്യുതി ഉത്പാദനത്തിനായി സെക്കന്‍ഡില്‍ 12 മില്യണ്‍ ഘനയടിവെള്ളമാണ് എടുക്കുന്നത്. പുഴയില്‍നിന്ന് വെള്ളമെടുക്കുന്ന ഹോട്ട് റോള്‍ഡ് (എച്ച്.ആര്‍.) പൈപ്പിന്റെ ആകെ നീളം 841.20 മീറ്ററാണ്. 2500 മില്ലീമീറ്ററാണ് ഇതിന്റെ ഉള്‍വ്യാസം. വെള്ളം സൂക്ഷിക്കുന്ന സര്‍ജ് ടാങ്കിന്റെ ഉള്‍വ്യാസം 10 മീറ്ററും ഉയരം 18 മീറ്ററുമാണ്. പെന്‍സ്റ്റോക്ക് പൈപ്പിന്റെ നീളം 546 മീറ്ററും ഉള്‍വ്യാസം 2200 മില്ലീമീറ്ററുമാണ്. ബില്‍ഡ്-ഓണ്‍-ഓപ്പറേറ്റ് ആന്‍ഡ് ട്രാന്‍സ്ഫര്‍ (ബൂട്ട്) മോഡിലാണ് പദ്ധതി പ്രവര്‍ത്തിക്കുന്നത്. ജനങ്ങള്‍ ഏറ്റെടുത്ത പദ്ധതി നാട്ടുകാരുടെ ഭാഗത്തുനിന്നുലഭിച്ച പൂര്‍ണപിന്തുണയാണ് റെക്കോഡ് സമയത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ സഹായിച്ചത്. തീര്‍ച്ചയായും ജനങ്ങള്‍ ഏറ്റെടുത്ത പദ്ധതിയാണിത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനുമുന്‍പേ അവര്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണമായും പാലിക്കാന്‍ കഴിഞ്ഞിട്ടുണ്ട് ബൈജു പി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍

Post a Comment

0 Comments