നന്മണ്ട ഫെസ്റ്റ് നാളെ മുതൽ


കോഴിക്കോട്: നന്മണ്ട ഫെസ്റ്റ് നാളെ മുതൽ 17 വരെ വിവിധ പരിപാടികളോടെ നടക്കുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകാന്‍ രൂപീകരിച്ച ഇ.കെ. നായനാർ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണു ഫെസ്റ്റ്.

നാളെ വൈകിട്ട് നാലിനു സാംസ്കാരിക ഘോഷയാത്രയോടെയാണ് പരിപാടികൾ തുടങ്ങുക. നടൻ മനോജ് കെ. ജയൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷത വഹിക്കും. കലാമണ്ഡലം ലാസ്യയുടെ നൃത്താവിഷ്കാരം അരങ്ങേറും. 11നു വൈകിട്ട് നവോത്ഥാനവും ആധുനിക കേരളവും എന്ന വിഷയത്തിൽ ഡോ. വി.പി. മുസ്തഫ പ്രഭാഷണം നടത്തും. കണ്ണൂർ സൗപർണികയുടെ നാടൻ പാട്ട് അരങ്ങേറും.

12നു വൈകിട്ട് സ്ത്രീ ശക്തിയും പുരോഗതിയും എന്ന വിഷയത്തിൽ ഡോ. ടി.വി. സുനിത പ്രഭാഷണം നടത്തും. 13നു വിസ്മൃതമാകുന്ന മാധ്യമ ധർമം എന്ന വിഷയത്തിൽ പി.എം. മനോജ് പ്രഭാഷണം നടത്തും. സുനിൽ കോട്ടേമ്പ്രത്തിന്റെ ഒറ്റയാൻ ഷോ ഉണ്ടാകും. 14നു മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. ഫക്രുദ്ദീൻ അലി പ്രഭാഷണം നടത്തും. 15നു പ്രഫ. കെ.ഇ.എൻ. കുഞ്ഞഹമ്മദ് പ്രഭാഷണം നടത്തും. നടി ലക്ഷ്മി ശർമ പങ്കെടുക്കും.

16നു പ്രഫ. സി.പി. അബൂബക്കർ പ്രഭാഷണം നടത്തും. ഗ്രാമ സന്ധ്യ അരങ്ങേറും. 17നു മത നിരപേക്ഷത ഭാരതീയ കാഴ്ചപ്പാടിൽ എന്ന വിഷയത്തിൽ ആലങ്കോട് ലീലാകൃഷ്ണൻ പ്രഭാഷണം നടത്തും. ഫെസ്റ്റിന്റെ ഭാഗമായി കാർണിവലും വിവിധ വിനോദ പരിപാടികളും ഉണ്ടാകും. എക്സൈസിന്റെ വിമുക്തി പ്രചാരണം, കുടുംബശ്രീയുടെ ഭക്ഷ്യ മേള എന്നിവ ഉണ്ടാകും. ഫെസ്റ്റിന്റെ പ്രചാരണത്തിന്റെ ഭാഗമായി നന്മണ്ട മാരത്തൺ നടത്തി.

Post a Comment

0 Comments