തിരുവമ്പാടി ഗവ. ഐ.ടി.ഐ കെട്ടിട നിർമാണം: റവന്യൂ വകുപ്പ് ഭൂമി കൈമാറി


കോഴിക്കോട്:തിരുവമ്പാടി ഗവ. ഐ.ടി.ഐ കെട്ടിട നിർമാണത്തിനായി റവന്യൂ ഭൂമി വ്യവസായ പരിശീലന വകുപ്പിന് കൈമാറി. തിരുവമ്പാടി പാലക്കടവ് ചെമ്പ്രതായ്പാറയിലെ 1.48 ഏക്കർ ഭൂമിയാണ് കെട്ടിടം നിർമാണത്തിന് കൈമാറിയത്. റവന്യൂ ഭൂമിയിൽ കെട്ടിടം നിർമാണത്തിന് വ്യവസായ പരിശീലന വകുപ്പിന് അനുമതി ലഭിച്ചതോടെയാണ് നടപടി. 2010 ലാണ് തിരുവമ്പാടിയിൽ ഗവ. ഐ.ടി.ഐ ആരംഭിച്ചത്. എട്ടു വർഷമായി വാടക കെട്ടിടത്തിലാണ് പ്രവർത്തനം. സ്വന്തമായി കെട്ടിടമില്ലെങ്കിൽ ഐ.ടി.ഐ പ്രവർത്തനം നിർത്തുമെന്ന് വ്യവസായ പരിശീലന വകുപ്പ് പലതവണ തിരുവമ്പാടി ഗ്രാമപഞ്ചായത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഐ.ടി.ഐക്ക് സ്വന്തം കെട്ടിടം നിർമിക്കണമെന്ന ആവശ്യമുന്നയിച്ച് നാട്ടുകാർ ഐ.ടി.ഐ സംരക്ഷണ സമിതി രൂപവത്കരിച്ചിരുന്നു. കെട്ടിട നിർമാണത്തിന് പാലകടവിലെ റവന്യൂ ഭൂമി കണ്ടെത്തിയിട്ട് മൂന്ന് വർഷത്തോളമായി. കലക്ടർ സ്ഥലം പരിശോധിച്ച് അനുകൂല റിപ്പോർട്ട് വർഷം മുമ്പ് നൽകിയിരുന്നു. വ്യവസായ പരിശീലന വകുപ്പ് ഐ.ടി.ഐ കെട്ടിടത്തിന്റെ എസ്റ്റിമേറ്റ് തയാറാക്കും. കെട്ടിട നിർമാണത്തി​ന്റെ ശിലാസ്ഥാപനം ഉടൻ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. റവന്യൂ ഭൂമിയുടെ രേഖകൾ വില്ലേജ് ഓഫിസർ കൽപവല്ലി, ഐ.ടി.ഐ പ്രിൻസിപ്പൽ പി.ഡി. മുരളിക്ക് കൈമാറി. പഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ജോർജ് എം. തോമസ് എം.എൽ.എ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഗീത വിനോദ്, ജോളി ജോസഫ്, ജോയി അഗസ്റ്റിൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.ആർ. ഗോപാലൻ, വിൽസൺ മാത്യു, ബോസ് ജേക്കബ്, സുഹറ മുസ്തഫ എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments