പേരാമ്പ്ര ഫെസ്റ്റ് നാളെ ആരംഭിക്കും


കോഴിക്കോട്:പേരാമ്പ്ര വികസന മിഷന്റെ ആഭിമുഖ്യത്തിൽ നാളെ മുതൽ 12 വരെ നടക്കുന്ന പേരാമ്പ്ര ഫെസ്റ്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികളായ കെ. കുഞ്ഞമ്മദ്, എം. കുഞ്ഞമ്മദ് എന്നിവർ അറിയിച്ചു. ആരോഗ്യ, കാർഷിക, വിദ്യാഭ്യാസ, വ്യാവസായിക പ്രദർശന വിപണന മേളയാണ് ഫെസ്റ്റിന്റെ മുഖ്യ ആകർഷണം. ചലച്ചിത്രോത്സവം, അമച്വർ നാടക മത്സരം, പുസ്തക മേള, സാംസ്കാരിക ഘോഷയാത്ര തുടങ്ങിയവയും നടക്കും.

നാളെ സാഹിത്യകാരൻ യു.കെ. കുമാരൻ പുസ്തകമേള ഉദ്ഘാടനം ചെയ്യും. ആറിന് വൈകിട്ട് നടക്കുന്ന സാംസ്കാരിക ഘോഷയാത്രയിൽ നിയോജകമണ്ഡലത്തിലെ 10 ഗ്രാമപഞ്ചായത്തുകൾ പങ്കെടുക്കും. വൈകിട്ട് ആറിന് നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ടി.പി. രാമകൃഷ്ണൻ അധ്യക്ഷത വഹിക്കും. മന്ത്രി എ.കെ. ശശീന്ദ്രൻ, എംഎൽഎമാർ, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരും പങ്കെടുക്കും.

ഏഴിന് രാവിലെ പേരാമ്പ്ര ഹയർസെക്കൻഡറി സ്കൂളിൽ അലോപ്പതി മെഡിക്കൽ ക്യാംപ് നടക്കും. വൈകിട്ട് റഗുലേറ്റഡ് മാർക്കറ്റ് ഗ്രൗണ്ടിൽ സെമിനാർ നടക്കും. പ്രധാനവേദിയിൽ നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കലാപരിപാടികളും നടക്കും. എട്ടിന് രാവിലെ ഹയർ സെക്കൻഡറി സ്കൂളിൽ ഹോമിയോ മെഡിക്കൽ ക്യാംപ് നടക്കും. വൈകിട്ട് 30ന് സെമിനാർ ഹാളിൽ എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ് പ്രഭാഷണം നടത്തും.

പൊതുസമ്മേളനം മുല്ലപ്പള്ളി രാമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്യും. ഒൻപതിന് വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം മന്ത്രി വി.എസ്. സുനിൽ കുമാർ ഉദ്ഘാടനം ചെയ്യും. 10ന് ഹയർസെക്കൻഡറി സ്കൂളിൽ ആയുർവേദ മെഡിക്കൽ ക്യാംപ് നടക്കും. 11ന് വൈകിട്ട് മൂന്നിന് നടക്കുന്ന സെമിനാറിൽ എംപ്ലോയ്മെന്റ് ഡയറക്ടർ ശ്രീരാം വെങ്കിട്ടരാമൻ പങ്കെടുക്കും. പൊതുസമ്മേളനം ചലച്ചിത്ര സംവിധായകൻ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യും.12ന് വൈകിട്ട് സമാപന സമ്മേളനം മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.

Post a Comment

0 Comments