പേരാമ്പ്ര 33 KV സബ് സ്റ്റേഷന്‍: ഒരു വര്‍ഷം പിന്നിട്ടിട്ടും പൂര്‍ണമായി പ്രവര്‍ത്തന സജ്ജമായില്ല

Photo:M Kunhammad


കോഴിക്കോട്: KSEB പേരാമ്പ്ര 33 KV സബ് സ്റ്റേഷന്‍ ഉദ്ഘാടനം കഴിഞ്ഞ് ഒരുവര്‍ഷം പിന്നിട്ടിട്ടും പൂര്‍ണരീതിയില്‍ പ്രവര്‍ത്തന സജ്ജമായില്ല. ഇവിടെ രണ്ട് ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും ഒരെണ്ണം മാത്രമാണ് സ്ഥാപിച്ചത്. രണ്ടാമത്തേത് അടുത്തിടെ എത്തിച്ചിട്ടുണ്ടെങ്കിലും ഇതുവരെ സ്ഥാപിച്ചിട്ടില്ല. വോള്‍ട്ടേജ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉദ്ദേശിച്ചാണ് പേരാമ്പ്രയില്‍ സബ് സ്റ്റേഷന്‍ ആരഭിച്ചത്. അതിനുമുൻപ് മേപ്പയ്യൂര്‍, കുറ്റ്യാടി, ചക്കിട്ടപ്പാറ, ഉള്ള്യേരിക്ക് സമീപത്തെ കന്നൂര്‍ എന്നീ സബ് സ്റ്റേഷനുകളില്‍നിന്നാണ് പേരാമ്പ്രയിലേക്ക് വൈദ്യുതി എത്തിയിരുന്നത്. സബ് സ്റ്റേഷന്‍ വന്നിട്ടും പേരാമ്പ്ര പഞ്ചായത്തിലെയും നൊച്ചാട് പഞ്ചായത്തിലെയും ചില ഭാഗങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ വൈദ്യുതി എത്തിക്കാന്‍ കഴിയുന്നത്. മറ്റെല്ലാം സ്ഥലങ്ങളിളിലും സമീപ സബ് സ്റ്റേഷനുകളില്‍നിന്ന് തന്നെയാണ് വൈദ്യുതി എത്തുന്നത്. അഞ്ച് എം.വി.എ. ശേഷിയുള്ള രണ്ട് ട്രാന്‍സ്‌ഫോര്‍മറും സ്ഥാപിക്കുന്നതോടെ വൈദ്യുതി എത്തുന്ന സ്ഥലപരിധി വര്‍ധിപ്പിക്കാന്‍ കഴിയും. അടുത്ത് തന്നെ ഇതിനുള്ള നടപടി സ്വീകരിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. പുതിയ സബ് സ്റ്റേഷന്‍ വന്നിട്ടും പേരാമ്പ്രയിലെ വോള്‍ട്ടേജ് കുറവ് പ്രശ്‌നം പലസമയത്തും രൂക്ഷമാണ്. പകല്‍ സമയത്തുള്‍പ്പെടെ വോള്‍ട്ടേജില്ലാതെ ബുദ്ധിമുട്ടുകയാണെന്ന് വ്യാപാരികൾ പറഞ്ഞു. അടുത്തിടെയാണ് പ്രശ്‌നം കൂടുതല്‍ അനുഭവപ്പെടുന്നത്. മേപ്പയ്യൂരിലെ 110 കെ.വി. സബ് സ്റ്റേഷനില്‍നിന്നാണ് പേരാമ്പ്ര സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തുന്നത്.

പേരാമ്പ്ര-പയ്യോളി റോഡ് പ്രവൃത്തി തുടങ്ങിയതോടെ മേപ്പയ്യൂരില്‍ നിന്നും പേരാമ്പ്രയ്ക്കുള്ള വൈദ്യുതിവിതരണം നിലയ്ക്കുന്നതും പതിവായിട്ടുണ്ട്. ഇതോടെ പഴയരീതിയില്‍ മറ്റിടങ്ങളിലെ സബ് സ്റ്റേഷനെ ആശ്രയിക്കുക മാത്രമാണ് വഴി. ഇതും വോള്‍ട്ടേജ് പ്രശ്‌നത്തിനും ഇടവിട്ടിടവിട്ട് വൈദ്യുതി നിലയ്ക്കുന്നതിനും കാരണമാകുന്നുണ്ടെന്നാണ് വിവരം. മേപ്പയ്യൂരിലേക്ക് ഓര്‍ക്കാട്ടേരിയില്‍ നിന്നാണ് വൈദ്യുതി എത്തുന്നത്. ഇവിടെ അറ്റുകുറ്റപ്പണികള്‍ നടക്കുന്നത് മേപ്പയ്യൂര്‍ സബ് സ്റ്റേഷനില്‍നിന്നുള്ള വൈദ്യുതി വിതരണത്തെയും ബാധിച്ചിട്ടുണ്ട്. 2010-ലാണ് പേരാമ്പ്ര സബ് സ്റ്റേഷന് തറക്കല്ലിട്ടത്. പൂര്‍ത്തിയാക്കാന്‍ ഏഴ് വര്‍ഷം വേണ്ടിവന്നു. അതിനിടെ മേഖലയിലെ വൈദ്യുതി കണക്ഷനുകള്‍ വളരെയധികം വര്‍ധിച്ചു. പേരാമ്പ്ര കെ.എസ്.ഇ.ബി. സെക്ഷന്‍ വിഭജിച്ച് രണ്ട് സെക്ഷനുകളുമായി. ഇവയുടെയെല്ലാം ആവശ്യം പരിഹരിക്കാന്‍ സബ് സ്റ്റേഷന്‍ വന്ന് ഒരു വര്‍ഷമായിട്ടും കഴിഞ്ഞിട്ടില്ലെന്ന് ഉപഭോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നു.

ഉള്ള്യേരി സബ് സ്റ്റേഷനില്‍നിന്ന് കൈതക്കല്‍വരെയും മേപ്പയ്യൂര്‍ സബ് സ്റ്റേഷനില്‍നിന്ന് ചേനോളിവരെയും കുറ്റ്യാടി സബ് സ്റ്റേഷനില്‍ നിന്ന് മരക്കാടി ട്രാന്‍സ്‌ഫോമര്‍വരെയും ചക്കിട്ടപ്പാറ സബ് സ്റ്റേഷനില്‍ നിന്നും ഉണ്ണിക്കുന്നും ചാലിലെ ട്രാന്‍സ്‌ഫോമർ വരെയും ഇപ്പോഴും വൈദ്യുതി എത്തുന്നുണ്ട്.

Post a Comment

0 Comments