തുറമുഖ വികസനം; വരും, വമ്പൻ കപ്പലുകൾകോഴിക്കോട്:വലിയ കപ്പലുകൾ അടുപ്പിക്കാൻ തുറമുഖം സജ്ജമാക്കുന്നതിന്റെ ഭാഗമായി ബേപ്പൂരിലെ കപ്പൽച്ചാൽ ആഴംകൂട്ടാൻ പദ്ധതി. തുറമുഖ വാർഫ് ബേസിൻ മുതൽ അഴിമുഖം വരെയുള്ള കപ്പൽച്ചാൽ വേലിയിറക്കത്തിൽ ഏഴു മീറ്റർ ആഴമുണ്ടാകും വിധമാക്കാനാണ് ലക്ഷ്യം. പദ്ധതി നടത്തിപ്പിനു കൺസൽറ്റൻസിയായി നിയോഗിച്ച കിറ്റ്കോ അധികൃതർ തുറമുഖത്തെത്തി സാധ്യത പഠനം നടത്തി.  കൊച്ചിൻ പോർട്ട് ട്രസ്റ്റ് റിട്ട. ചീഫ് എൻജിനീയർ ജെ. കാർത്തികേയൻ, കൺസൽറ്റന്റ് എൽദോ വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം തുറമുഖ വാർഫ്, കപ്പൽച്ചാൽ, അഴിമുഖം, പുലിമുട്ട് എന്നിവിടങ്ങൾ സന്ദർശിച്ചു. കപ്പൽച്ചാൽ ആഴം കൂട്ടുന്നതു പ്രായോഗി തടസ്സങ്ങളില്ലെന്നാണ് പ്രാഥമിക നിഗമനം. പോർട്ട് ഓഫിസർ ക്യാപ്റ്റൻ കെ. അശ്വനി പ്രതാപ്, ഹൈഡ്രോഗ്രഫിക് മറൈൻ സർവേയർ പി.ടി. തോമസ്കുട്ടി, ഹാർബർ എൻജിനീയറിങ് വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയർ എം.എ. മുഹമ്മദ് അൻസാരി എന്നിവരുമായി സംഘം ചർച്ച നടത്തി.  കോസ്റ്റൽ ഷിപ്പിങ് പദ്ധതിയിൽ 10,000 ടൺ വരെ കേവുഭാരമുള്ള കപ്പലുകൾ തുറമുഖത്ത് എത്തിക്കാനാണ് കപ്പൽച്ചാൽ ആഴംകൂട്ടുന്നത്.

വാർഫ് മുതൽ ഒന്നര കിലോമീറ്റർ ദൂരമുള്ള കപ്പൽച്ചാലിനു നിലവിൽ വേലിയിറക്കത്തിൽ മൂന്നര മീറ്റർ മാത്രമാണ് ആഴമുള്ളത്. ഇതിനാൽ ബേപ്പൂർ തുറമുഖത്ത് വലിയ കപ്പലുകൾ അടുപ്പിക്കാൻ പറ്റാത്ത സ്ഥിതിയാണ്. തുറമുഖത്തേക്കു വരുന്ന വലിയ കപ്പലുകൾ പലപ്പോഴും ആഴക്കടലിൽ നങ്കൂരമിടാറാണ് പതിവ്. ഗുജറാത്ത്, മുംബൈ, വിശാഖപട്ടണം, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നായി 200 കണ്ടെയ്നറുകൾ വഹിക്കുന്ന വലിയ കപ്പലുകൾ ബേപ്പൂരിൽ എത്തിക്കുന്നതിനു നഗരത്തിലെ വ്യപാരികൾ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇതു മുന്നിൽ കണ്ടാണ് തുറമുഖ അധികൃതർ കപ്പൽച്ചാൽ ആഴംകൂട്ടാൻ പദ്ധതി സമർപ്പിച്ചത്. നിലവിൽ 60 കണ്ടെയ്നറുകൾ ശേഷിയുള്ള ഇടത്തരം കപ്പലുകൾ മാത്രമാണ് ബേപ്പൂരിലേക്ക് സർവീസ് നടത്തുന്നത്.

കോസ്റ്റൽ ഷിപ്പിങ് പദ്ധതിയിൽ കണ്ടെയ്നർ കപ്പലുകളുടെ വരവോടെ 41 ലക്ഷം രൂപ ചെലവിട്ടു ഈയിടെ പുതിയ വാർഫ് ബേസിൻ ആഴംകൂട്ടിയിരുന്നു. 160 മീറ്റർ നീളമുള്ള പുതിയ വാർഫിൽ നിന്നു 40 മീറ്റർ വീതിയിലാണ് മണ്ണുമാന്തിയത്. ചാലിയാറിൽ അഴിമുഖത്തേക്ക് ഒഴുകിയെത്തുന്ന ചെളിയടിഞ്ഞു രണ്ടര മീറ്റർ മാത്രം ആഴമുണ്ടായതു വേലിയിറക്കത്തിൽ അഞ്ചു മീറ്ററാക്കിയാണ് ഡ്രജിങ് നടത്തിയത്.

Post a Comment

0 Comments