കോഴിക്കോട്-ജിദ്ദ, കോഴിക്കോട്-റിയാദ് സെക്ടറുകളിൽ സര്‍വീസ് ആരംഭിക്കാനൊരുങ്ങി സൗദി എയര്‍ലൈന്‍സ്



കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്കും റിയാദിലേക്കും സര്‍വീസ് ആരംഭിക്കാനുളള തയാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ച് സൗദി എയര്‍ലെന്‍സ്. അനുമതി ലഭിക്കുന്ന പക്ഷം മൂന്നു വര്‍ഷം മുൻപ് നിര്‍ത്തലാക്കിയ ജിദ്ദ, റിയാദ് സെക്ടറുകളിലേക്ക് സര്‍വീസ് ആരംഭിക്കാനാണ് വിമാന കമ്പനി ഒരുങ്ങുന്നത്. സൗദി-കരിപ്പൂര്‍ സെക്ടറില്‍ ഇതുമായി ബന്ധപ്പെട്ടുളള പരിശോധനകള്‍ കമ്പനി പൂര്‍ത്തിയാക്കി. ഉംറ, ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് അടക്കം സര്‍വീസ് ഏറെ ഗുണം ചെയ്യും. യാത്രക്കാര്‍ക്ക് പുറമെ കാര്‍ഗോ കയറ്റുമതിയും സൗദി ലക്ഷ്യം വെക്കുന്നുണ്ട്. സൗദിയിലേക്ക് എയര്‍ഇന്ത്യയും സൗദി എയര്‍ലെന്‍സുമായിരുന്നു സര്‍വീസ് നടത്തിയിരുന്നത്. ഇവ രണ്ടും 2015 ഏപ്രില്‍ 30ന് നിര്‍ത്തലാക്കി. പിന്നീട് എയര്‍ഇന്ത്യ എക്‌സ്പ്രസ് ദമാം, റിയാദ് മേഖലയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. സൗദി എത്തുന്നതോടെ അടച്ചിട്ട ജിദ്ദ സെക്ടര്‍ പൂര്‍ണമായും തുറക്കാനാകും.
കരിപ്പൂരില്‍ ഇടത്തരം വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനാവശ്യമായ സൗകര്യങ്ങളും സുരക്ഷയുമുണ്ടെന്ന് സൗദി എയര്‍ലൈന്‍സ് കഴിഞ്ഞയാഴ്ച എയര്‍പോര്‍ട്ട് അഥോറിറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഈ റിപ്പോര്‍ട്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ)ക്ക് അടുത്ത ദിവസം കൈമാറും. കരിപ്പൂരില്‍ 300 യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന 4 ബി 777-200 ഇആര്‍ബി 777-300 തുടങ്ങിയ വിമാനങ്ങളാണ് സര്‍വീസിനായി ഉപയോഗിക്കുന്നത്. കരിപ്പൂരില്‍ നേരത്തെ വലിയ വിമാനങ്ങളുടെ സര്‍വീസ് നടത്തിയ വിമാന കമ്പനിയാണ് സൗദി എയര്‍ലെന്‍സ്. ആയതിനാലാണ് സൗദി എയര്‍ലെന്‍സ് വിമാന കമ്പനിയില്‍ നിന്ന് ഡിജിസിഎ റിപ്പോര്‍ട്ട് തേടിയത്.

Post a Comment

0 Comments