താമരശ്ശേരി ചുരം റോഡ് വികസനം: വനഭൂമി ദേശീയപാത അധികൃതർക്കു കൈമാറി


കോഴിക്കോട്:നീണ്ട കാത്തിരിപ്പിനു ശേഷം ചുരം റോഡ് വികസനത്തിനാവശ്യമായ വനഭൂമി വനം വകുപ്പ് ദേശീയപാത വകുപ്പ് അധികൃതർക്കു കൈമാറി. ചുരത്തിലെ മൂന്ന്, അഞ്ച്, ആറ്, ഏഴ്, എട്ട് വളവുകൾ വീതി കൂട്ടുന്നതിന് ആവശ്യമായ 2.25 ഏക്കർ വനഭൂമിയുടെ രേഖ ഫോറസ്റ്റ് ഡപ്യൂട്ടി സെക്‌ഷൻ ഓഫിസർ മനോജ്, ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എം.കെ. രാജീവ് കുമാർ എന്നിവർ ദേശിയപാത അസി.എക്സിക്യൂട്ടീവ് എൻജിനീയർ ജമാൽ, അസി.എൻജിനീയർ ലക്ഷ്മണൻ എന്നിവർക്കു കൈമാറി. ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ഇ. ജഗദീഷ് കുമാർ, യു.വി. ദീപിക, ഓവർസിയർമാരായ സലീം, ആന്റോ പോൾ ചുരം സംരക്ഷണ സമിതി പ്രസിഡന്റ് മൊയ്തു മുട്ടായി എന്നിവർ സംബന്ധിച്ചു.

വനഭൂമി വിട്ടുകിട്ടിയതോടെ ചുരം റോഡ് വീതി കൂട്ടി വികസിപ്പിക്കുന്നതിനുള്ള തടസ്സങ്ങൾ നീങ്ങി. വളവുകൾ വീതി കൂട്ടാൻ കഴിയാതെ വന്നതോടെ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കാണ് ചുരത്തിൽ നിത്യവും അനുഭവപ്പെടുന്നത്. വനഭൂമി വിട്ടുകിട്ടുന്നതിന് മരങ്ങളുടെ വിലയായ 32,05,099 രൂപ കേന്ദ്ര വനം മന്ത്രാലയത്തിന് കഴിഞ്ഞ വർഷം നൽകിയെങ്കിലും സാങ്കേതികത്വത്തിൽ കുടുങ്ങി വനഭൂമി അനുവദിക്കുന്നതിൽ കാലതാമസം നേരിടുകയാണുണ്ടായത്. ദേശീയപാത 776ൽ കുന്നമംഗലം മുതൽ വയനാട് അതിർത്തിയായ ലക്കിടി വരെയുള്ള 42 കിലോമീറ്റർ റോഡ് വികസിപ്പിക്കുന്ന പ്രവൃത്തി 17 കോടി രൂപ ചെലവിൽ പുരോഗമിച്ചു വരികയാണ്.

ആദ്യ ഘട്ടത്തിൽ മൂന്ന്, നാല് വളവുകളാണ് വീതി കൂട്ടി നവീകരിക്കുന്നത്. ദേശീയപാത 776ൽ 13 കിലോമീറ്റർ വരുന്ന ചുരം റോഡിന്റെ 75 ശതമാനവും വനഭൂമിയിലൂടെയാണ് കടന്നുപോകുന്നത്. ചുരത്തിലെ ഒൻപത് മുടി പിൻ വളവുകളിൽ രണ്ട്, നാല്, ഒൻപത് വളവുകൾ നേരത്തേ വീതി കൂട്ടി ടൈൽസ് പാകിയിരുന്നു. ബാക്കി വനമേഖലയിൽപെട്ട അഞ്ചു വളവുകൾ വീതി കൂട്ടുന്നതിനാവശ്യമായ ഭൂമി ലഭിക്കാത്തതിനാലാണ് വികസനം തടസ്സപ്പെട്ടത്.

Post a Comment

0 Comments