കോഴിക്കോട്:വിഷുവിനോടനുബന്ധിച്ച് പടക്കവിപണി സജീവമാകുമ്പോൾ കനത്ത ചൂടിൽ പടക്കം പൊട്ടിയുള്ള അപകടസാധ്യതകൾ തടയാൻ കർശന നിർദേശങ്ങളുമായി അഗ്നിശമനസേന. ലൈസൻസ് നേടിയാലും പ്രത്യേക പരിശീലനം ലഭിച്ച വിൽപനക്കാർക്ക് മാത്രമേ കട നടത്താനുള്ള അനുമതി നൽകിയിട്ടുള്ളൂ എന്നതാണ് ഇത്തവണത്തെ പ്രത്യേകത. വിഷു വിപണിയിൽ പങ്കെടുക്കുന്ന മുഴുവൻ വ്യാപാരികൾക്കും പ്രത്യേക പരിശീലനം നൽകിയാണ് കച്ചവടം നടത്താൻ അനുമതി നൽകിയിരിക്കുന്നത്. പരിശീലനത്തിൽ പങ്കെടുക്കാത്ത ആരെയും കട തുറക്കാൻ അനുവദിക്കരുതെന്നാണ് കലക്ടറുടെ നിർദേശം നൽകിയത്. ഈ നിർദേശം ലംഘിച്ച് ആരെങ്കിലും പടക്കക്കട തുറന്നാൽ അവർക്ക് പിടിവീഴും. സമീപ വർഷങ്ങളിലൊന്നും അനുഭവിച്ചിട്ടില്ലാത്ത വിധത്തിലാണ് ചൂട് ജില്ലയിൽ കനക്കുന്നത്. സംസ്ഥാനത്ത് ചൂടിൽ മുന്നിൽ നിൽക്കുന്ന ജില്ലയും കോഴിക്കോടാണ്. ഈ സാഹചര്യത്തിൽ പടക്കം പൊട്ടിയുള്ള അപകടസാധ്യതയേറെയാണ്. ലൈസൻസ് നേടിയ മുഴുവൻ വ്യാപാരികൾക്കും തൊഴിലാളികൾക്കും ഉദ്യോഗസ്ഥർ പ്രത്യേക സുരക്ഷാ പരിശീലനം നൽകി. പടക്കം സൂക്ഷിച്ചിരിക്കുന്നതിനും വാങ്ങാനെത്തുന്നവർ നിൽക്കുന്നതിനുമിടയിൽ ഒരു മീറ്റർ ദൈർഘ്യമുണ്ടാകണം. പതിനെട്ട് വയസിൽ താഴെ പ്രായമുള്ളവർ വിൽപനക്കാരാകാൻ പാടില്ല. വ്യത്യസ്തതരം പടക്കങ്ങൾ ഇടകലർത്തി സൂക്ഷിക്കരുത്. ഇങ്ങനെ 21 ഇന മാർഗനിർദേശങ്ങളാണ് കച്ചവടക്കാർക്കായി നൽകിയിട്ടുള്ളത്.
ഇതോടൊപ്പം അഗ്നിബാധ പ്രതിരോധിക്കുന്നതിനുള്ള മുഴുവൻ ഉപകരണങ്ങളും വിൽപനകേന്ദ്രത്തിലുണ്ടാകണം. താലൂക്ക് കേന്ദ്രീകരിച്ചാണ് വ്യാപാരികൾക്ക് പരിശീലനം നൽകിയത്. അഗ്നിശമനസേനയ്ക്കൊപ്പം പൊലീസ് റവന്യൂ അധികാരികൾ ഇടവിട്ടുള്ള പരിശോധനയിൽ സുരക്ഷാക്കരുതൽ ഉറപ്പാക്കും. മുന്നറിയിപ്പ് ലംഘിക്കുന്നവരിൽ നിന്ന് കനത്ത പിഴ ഈടാക്കുന്നതിനൊപ്പം നിയമനടപടിയും സ്വീകരിക്കും. മലബാറിലെ ജില്ലകളിൽ മാത്രം വിഷുവിനോടനുബന്ധിച്ച് 1100 പടക്കക്കടകളാണ് പ്രവർത്തിക്കുന്നത്
0 Comments